ഡോ. വന്ദനദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു. തൃശ്ശൂരിൽ നടന്ന ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വന്ദനയുടെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സർട്ടിഫിക്കറ്റ് കൈമാറിയത്.
വികാരനിർഭരമായ രംഗങ്ങൾക്കാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് അലൂമിനി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ആരോഗ്യ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങ് വേദിയായത്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പിയ വന്ദനയുടെ മാതാപിതാക്കളെ ഗവർണർ ആശ്വസിപ്പിച്ചു.
Also Read: ഓണത്തിന് വിലകൂടില്ല ; വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നടപടികളുമായി സർക്കാർ
ആരോഗ്യ പ്രവർത്തകർക്കും മറ്റ് അടിയന്തര സേവനങ്ങൾ നൽകുന്നവർക്കും നിയമപരമായും നയപരമായും സുരക്ഷ ഏർപ്പെടുത്തേണ്ടതുണ്ടെന്നും ഇത് സമൂഹത്തിൻ്റെ കടമയാണെന്നും ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, ഡെൻറൽ, നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ വിഭാഗങ്ങളിലായി 10,830 പേരാണ് കേരള ആരോഗ്യ സർവകലാശാലയുടെ പതിനേഴാമത് ബിരുദദാന ചടങ്ങിൽ ബിരുദധാരികൾ ആയത്. സർവകലാശാല രൂപീകൃതമായ ശേഷം രണ്ടുപേർ ഒരേ സമയം ഗവേഷണബിരുദം നേടിയതും ചരിത്രമായി. ബിരുദ കോഴ്സുകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു. ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ഡോ. എ.കെ. മനോജ്കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്സ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ. പി. രാജേഷ്, സർവ്വകലാശാലാ ഡീൻമാരായ ഡോ. കെ എസ്സ് ഷാജി, ഡോ. വി എം ഇക്ബാൽ, ഡോ. ആർ. ബിനോജ് , തുടങ്ങിയവരും, സെനറ്റ് അംഗങ്ങളും, ഗവേർണിംഗ് കൗൺസിൽ അംഗങ്ങളും, പങ്കെടുത്തു.
Also Read: ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല; രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സംവിധായകൻ വിനയൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here