ബഹിരാകാശത്തിലെ മലയാളി തിളക്കം; സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള ചെർപ്പുളശ്ശേരിക്കാരൻ

ചാന്ദ്രദൗത്യത്തിൽ അഭിമാന നേട്ടം കൈവരിച്ച ഇന്ത്യയ്ക്ക് മറ്റൊന്ന് കൂടിയുണ്ട് അഭിമാനിക്കാൻ. പ്രത്യേകിച്ച് മലയാളികൾക്ക്. സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേര് നൽകി. ഇതോടെ സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാവുകയാണ് ഈ ചെർപ്പുളശ്ശേരിക്കാരൻ.

മലയാളക്കരയ്ക്ക് ഒന്നാകെ അഭിമാനിക്കാൻ ഇടനൽകുന്ന ഒന്നാണ് ഡോ. അശ്വിന്‍ ശേഖറിന് ലഭിച്ച ആദരവ്. സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്ന് ഇനി അശ്വിന്റെ പേരിൽ അറിയപ്പെടും. രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടനയാണ് സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹം 33938-ന് അശ്വിന്റെ പേര് നൽകിയത്. യുഎസിലെ അരിസോണയിൽനടന്ന രാജ്യാന്തരസമ്മേളനത്തിലാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്‌. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ്‌ അശ്വിനെ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന വിശേഷിപ്പിച്ചത്‌.

Also Read: ‘ചന്ദ്രയാൻ-3 യുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും അഭിവാദ്യങ്ങൾ ‘, കെ കെ രാഗേഷ്

2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് സൂര്യനെ വലയം വെക്കാൻ 4.19 വർഷം വേണം. ശാസ്ത്രമേഖലയിലെ സംഭാവനകൾ അംഗീകരിച്ച്‌ ഛിന്നഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാണ് അശ്വിൻ. തലശേരിക്കാരനായ വൈനു ബാപ്പുവാണ് ആദ്യമലയാളി. ജ്യോതിശാസ്ത്ര രംഗത്ത് കേരളത്തിൽ നിന്ന് കൂടുതൽ പ്രതിഭാധനരെ കണ്ടെത്തി, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് വേണ്ടതെന്നാണ് അശ്വിന്റെ പക്ഷം. അട്ടപ്പാടി ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ആദിവാസി – പിന്നാക്ക വിഭാഗക്കാരായ കുട്ടികളുടെ ഉന്നമനത്തിനും ജ്യോതിശാസ്ത്ര പഠന രംഗത്തേക്ക് അവരെ കൊണ്ടുവരാനുമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും അശ്വിൻ പറഞ്ഞു.

ചെർപ്പുളശ്ശേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു അശ്വിന്റെ സ്കൂൾ പഠനം. തിരുവനന്തപുരം, തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കോളേജ് പഠനവും പൂർത്തിയാക്കി. ശേഷം യുകെയിൽ നിന്ന് പിഎച്ച്ഡിയും നേടിയാണ് ജ്യോതിശാസ്ത്ര ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. നിലവിൽ ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായാണ് ജോലി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ സ്‌കൂളിലെ പഠനം വെച്ച് കൊണ്ട് സ്വയപ്രയത്നവും കഠിനാധ്വാനവും കൈമുതലാക്കിയാൽ ഒട്ടേറെ ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഡോ. അശ്വിൻ ശേഖർ എന്ന മലയാളി.

Also Read: സേതുമാധവന്‍ കൊന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇങ്ങേരു തീര്‍ത്തേനെ’ കലിപ്പന്‍ ലുക്കില്‍ നിന്നായാളിനെ കണ്ടെത്തി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News