കർണാടകയിലെ ഖനിവകുപ്പ് ഡയറക്ടറുടെ കൊലപാതകം; പ്രതി മുൻ ഡ്രൈവറെന്ന് സംശയം

കര്‍ണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതിമയുടെ കൊലപാതകത്തില്‍ മുന്‍ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍. ഒരാഴ്ച മുൻപാണ് ഡ്രൈവര്‍ കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്ന് പോലീസ് സൂചനകൾ നൽകുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ കാര്‍ഡ്രൈവറായിരുന്ന കിരണുമായി കൊല്ലപ്പെട്ട പ്രതിമയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതേത്തുടർന്ന് ഒരാഴച്ച മുൻപ് കിരണിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പകരമായി പുതിയ ഡ്രൈവറെ നിയമിക്കുകയും ചെയ്തു.

Also Read; ചേർത്തലയിൽ ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോയ വള്ളം മുങ്ങി

കിരണിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാവാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നില്‍ മുന്‍ഡ്രൈവറാണെന്ന വിവരം ലഭിച്ചത്. അതേസമയം, ഇതേക്കുറിച്ച് പോലീസ് ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്മെന്റില്‍ ഒറ്റക്ക് താമസിക്കുന്ന പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിമയെ ഫോണില്‍വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന സഹോദരന്‍ അന്വേഷിച്ചുചെന്നപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചും കഴുത്തറുത്തുമാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ അഞ്ചുവര്‍ഷത്തോളമായി അപ്പാര്‍ട്ട്മെന്റില്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് ശിവമോഗ തീര്‍ഥഹള്ളിയിലാണ് താമസം. 12 വയസ്സുള്ള ഒരുമകനുണ്ട്.

Also Read; കേരളവർമ്മയിൽ കെഎസ്‍യുവിന് തിരിച്ചടി

വിധാന്‍സൗധയ്ക്ക് സമീപത്തെ വിവി ടവറിലാണ് പ്രതിമയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 6.30 വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിമ വീട്ടില്‍ തിരിച്ചെത്തിയെന്നും രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നും പോലീസ് നിഗമനം. തറയില്‍ കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. പ്രാഥമികാന്വേഷണത്തില്‍ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞദിവസം പോലീസ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News