സ്‌കൂൾ യൂണിഫോമുമിട്ട് ലൈസൻസും ഹെൽമറ്റുമില്ലാതെ ട്രിപ്പിൾസിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം

മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ സ്വന്തം ജീവിതം സംരക്ഷിക്കാനാണ് എന്ന് ബോധ്യമില്ലാത്ത ഒരു പറ്റം ന്യൂജൻ കുട്ടികളുണ്ട്. മൂന്ന് പേരെയും വെച്ച് ലൈസൻസും ഹെൽമറ്റുമിലാതെ റോഡിൽ ഇവർ കാണിക്കുന്ന അഭ്യാസപ്രകടനങ്ങൾ നിരന്തരമായ തലവേദനയാണ് സൃഷ്ടിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, ചാത്തമംഗലം തുടങ്ങിയ മലയോരമേഖലയിലെ മിക്ക സ്‌കൂളുകളിലും കലാലയങ്ങളിലും ലൈസന്‍സില്ലാതെ വാഹനങ്ങളുമായെത്തുന്ന വിദ്യാര്‍ഥികൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ലോകം ഞെട്ടിയ കൊടുംക്രൂരത; സാധാരണക്കാരനായ പലസ്തീനിയുടെ മേലിൽ വാഹനം കയറ്റിയിറക്കി ഇസ്രയേൽ സൈന്യം

എസ്.എസ്.എല്‍.സി.ക്കും പ്ലസ് ടുവിനും പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ സ്‌കൂള്‍ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളില്‍ ചീറിപ്പായുന്നത് മേഖലയില്‍ പതിവുകാഴ്ചയാണെന്നാണ് നാട്ടുകാരും മറ്റും ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുമുണ്ട്. ബൈക്കുകളും സ്‌കൂട്ടറുകളുമാണ് കുട്ടികള്‍ക്ക് യാത്ര ചെയ്യാൻ ഏറെ പ്രിയം. എന്നാൽ തങ്ങൾ യാത്ര ചെയ്യുന്നത് വെറും രണ്ട് ചക്രം മാത്രമുള്ള ഒരു വാഹനത്തിലാണ് എന്ന ധാരണ ഇവർക്കില്ല. മൂന്നും നാലുംപേരെ കയറ്റി ഹെല്‍മറ്റില്ലാതെ അതിവേഗത്തില്‍ കുതിക്കുന്ന ഇവര്‍ മറ്റു യാത്രികര്‍ക്കും ഭീഷണിയാണ്. കലാലയവിദ്യാര്‍ഥികള്‍ക്കിടയിലും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ കുറവില്ല.

ALSO READ: ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും സൗദി

വിലകൂടിയ സൂപ്പര്‍ ബൈക്കുകളിലാണ് പല കുട്ടികളുടെയും കുതിപ്പ്. ഹെല്‍മെറ്റ് ധരിക്കാൻ ഇഷ്ടമില്ലാത്ത ഇവർ നിയമലംഘനങ്ങളുടെ ഒരു നീണ്ട നിര തന്നെ യാത്രയിലുടനീളം സൃഷ്ടിക്കും. ഒട്ടേറെ ജീവന്‍ പൊലിഞ്ഞിട്ടും സാരമായി പരിക്കേറ്റ അപകടങ്ങളുണ്ടായിട്ടും വീണ്ടും ഇത്തരം സമീപനങ്ങൾ കുട്ടികൾ തുടരുന്നതാണ് ഗുരുതര പ്രശ്നം. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പൊലീസും മോട്ടോർ വാഹനവകുപ്പും തീരുമാനിച്ചിരിക്കുന്നത്.

നടപടിയെടുക്കും

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാകും. സ്‌കൂള്‍ പരിസത്ത് വാഹനപരിശോധന നടത്താനും നിരീക്ഷണക്യാമറ സംവിധാനം ഒരുക്കാനുമുള്ള തീരുമാനം ഉടന്‍ നടപ്പാക്കും.

സി.കെ. അജില്‍കുമാര്‍, കൊടുവള്ളി ജോയന്റ് ആര്‍.ടി.ഒ. ഇന്‍ ചാര്‍ജ്

രക്ഷിതാക്കള്‍ ജാഗ്രതപുലര്‍ത്തണം

കൗമാരക്കാരായ വിദ്യാര്‍ഥികള്‍ വ്യാപകമായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുക്കുന്ന ആര്‍.സി. ഓണര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

കെ. പ്രജീഷ്, കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News