സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ കർശന നടപടിയുമായി സർക്കാർ; അന്വേഷണം

സിനിമാമേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. അന്വേഷണത്തിന് എക്‌സൈസിന് നിര്‍ദ്ദേശം നല്‍കി. അമ്മ എക്‌സികൂട്ടീവ് അംഗവും നടനുമായ ടിനി ടോമിന്റെ വെളിപ്പെടുത്തലാണ് നിലപാട് കടുപ്പിക്കാന്‍ കാരണം. അന്വേഷണവുമായി സിനിമാ സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ എക്‌സൈസ് നിയമവഴികള്‍ തേടും.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു കേരള സര്‍വകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയില്‍ നടന്‍ ടിനി ടോം നടത്തിയത്. സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നായിരുന്നു നടന്‍ വെളിപ്പെടുത്തിയത്. ലഹരിക്കടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങിയത് അടുത്തിടെ കണ്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം.

ഒരു പ്രമുഖ നടനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തന്റെ മകന് അടുത്തിടെ ഒരു അവസരം ലഭിച്ചില്ലെങ്കിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പേടിയുള്ളതുകൊണ്ട് മകനെ അഭിനയിക്കാന്‍ വിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന് കഴിഞ്ഞദിവസം ടിനി ടോം വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ആദ്യഘട്ടമായി നടന്മാരായ ടിനിടോം, ബാബുരാജ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. ടിനി ടോമിനെ എക്‌സൈസ് കമ്മീഷണര്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു.

സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളില്‍ നിന്നും എക്‌സൈസ് ഉടന്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങും. അന്വേഷണത്തില്‍ താര സംഘടനയായ അമ്മ സഹകരിക്കുമെങ്കില്‍ അവരുടെ സഹായവും തേടും.

മുന്‍പ് ലൊക്കേഷനുകളില്‍ പരിശോധനയ്ക്ക് നീക്കം ഉണ്ടായെങ്കിലും എക്‌സൈസുമായി സിനിമാ സംഘട്ടനങ്ങള്‍ കാര്യമായി സഹകരിച്ചിരുന്നില്ല. ഇതോടെ മുടങ്ങിയ അന്വേഷണവും പരിശോധനയും പുനരാരംഭിക്കാനാണ് എക്‌സൈസിറ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. സിനിമാ സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ എക്‌സൈസ് നിയമവഴികള്‍ തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News