’30 ലക്ഷം വിലവരുന്ന റോളക്‌സ് ഡേറ്റോണ വാച്ച് മോഷ്ടിച്ചു’; സമീര്‍ വാങ്കഡെയെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍

ആര്യന്‍ ഖാനെതിരായ നടപടികളുടെ പേരില്‍ സിബിഐ അന്വേഷണം നേരിടുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ പ്രതിരോധത്തിലാക്കി ഡ്രഗ് കേസില്‍ അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്റെ വെളിപ്പെടുത്തല്‍. വാങ്കഡെയുടെ ടീമിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തന്റെ 30 ലക്ഷം വിലവരുന്ന റോളക്‌സ് ഡേറ്റോണ വാച്ച് മോഷ്ടിച്ചുവെന്നാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ കരണ്‍ സജ്‌നാനിയുടെ ആരോപണം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്റലിജന്‍സ് ഓഫീസര്‍ ആശിഷ് രഞ്ജന്‍ തന്റെ വാച്ച് മോഷ്ടിച്ചതായാണ് കരണ്‍ സജ്‌നാനി ആരോപിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read- ആര്യൻ ഖാൻ കേസ്;  സമീർ വാങ്കഡെയെ കുടുക്കിയത് കിരൺ ഗോസാവിയുടെ സെൽഫി

125 കിലോഗ്രാം കഞ്ചാവ് ഇറക്കുമതി ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി 2021 ജനുവരിയില്‍ കരണ്‍ സജ്‌നാനിയെ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം കരണ്‍ സജ്‌നാനിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ആര്യന്‍ ഖാന്‍ കേസില്‍ എഫ്‌ഐആറില്‍ പരാമര്‍ശമുള്ള കെ.പി ഗോസാവി, സാന്‍വില്‍ ഡിസൂസ എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നുവെന്നും കരണ്‍ സജ്‌നാനി ആരോപിക്കുന്നു.

ഡ്രഗ് കേസില്‍ നിന്ന് മോചിതനായശേഷം സമീര്‍ വാങ്കഡെയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് നല്‍കുമെന്നും സജ്‌നാനി ചൂണ്ടിക്കാട്ടി. ആഡംബര വാച്ചുകളുടെ വില്‍പനയിലൂടെ പണം സമ്പാദിച്ചുവെന്ന ആരോപണത്തില്‍ എന്‍സിബി വിജിലന്‍സ് സംഘം സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. വാച്ച് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ വാങ്കഡെ തയ്യാറായിട്ടില്ല. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, ലഹരി മരുന്ന് കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമീര്‍ വാങ്കഡെയ്ക്ക് സിബിഐ സമന്‍സ് അയച്ചു. ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. കേസിലെ സാക്ഷിയായിരുന്ന കെ.പി ഗോസാവി തങ്ങളുടെ ഉദ്യോഗസ്ഥനാണെന്ന പ്രതീതി എന്‍സിബി ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ചുവെന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗോസാവി വഴി പണം ആവശ്യപ്പെട്ടതായും എഫ്‌ഐആറില്‍ പറയുന്നു. ഗോസാവിയെയും സഹായി സാന്‍വില്‍ ഡിസൂസയെയും ഉപയോഗിച്ച് ആര്യന്‍ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ സമീര്‍ വാങ്കഡെ ആയിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

2021 ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഓഫീസര്‍മാരുടെ സംഘം റെയ്ഡ് നടത്തിയത്. കപ്പലില്‍ നിന്ന് ലഹരി മരുന്നു പണവും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത 17 പേരില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനും ഉണ്ടായിരുന്നു. 2021 നവംബറില്‍, ആര്യന്‍ ഖാന്‍ കേസ് ഉള്‍പ്പെടെ ആറ് കേസുകള്‍ വാങ്കഡെയില്‍ നിന്ന് എന്‍സിബി ഉന്നത ഉദ്യോഗസ്ഥര്‍ മാറ്റി. ഈ കേസുകള്‍ അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, വാങ്കഡെയെ എന്‍സിബിയില്‍ നിന്ന് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News