ഗുരുദ്വാര പരിസരത്ത് മദ്യപിച്ച യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി

പാട്യാല: പഞ്ചാബില്‍ ഗുരുദ്വാര പരിസരത്ത് മദ്യപിച്ച യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദുഃഖ് നിവാരണ്‍ സാഹിബ് ഗുരുദ്വാരയില്‍ ഞായറാ‍ഴ്ചയാണ് സംഭവം.

ഗുരുദ്വാരയിലെ കുളത്തിനരികില്‍ നിന്ന് മദ്യപിക്കുകയായിരുന്ന കൗറിനെ കമ്മിറ്റിക്കാരും വിശ്വാസികളും ചോദ്യം ചെയ്യുകയും ഗുരുദ്വാര മാനേജര്‍ സതീന്ദര്‍ സിങിന്‍റെ മുറിയിലെത്തിക്കുകയുമായിരുന്നു. അവിടെ വച്ച് നിര്‍മല്‍ജിത്ത് സിങ് സെയ്‌നി എന്നയാള്‍ കൗറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മതവികാരം വൃണപ്പെട്ടപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതെന്നാണ്  കീ‍ഴടങ്ങിയ പ്രതി നിര്‍മല്‍ജിത്ത് സിങ് സെയ്‌നി പൊലീസിനോട് പറഞ്ഞത്.

വസ്തു ഇടപാടുകാരനാണ് സെയ്‌നി. ഇയാള്‍ ഗുരുദ്വാരയില്‍ സ്ഥിരമായി എത്താറുണ്ടെന്നും ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് പലതവണ കൗറിന് നേരെ വെടിയുതിര്‍ത്തതായും പാട്യാല സീനിയര്‍ എസ്പി വരുണ്‍ ശര്‍മ്മ പറഞ്ഞു. പ്രതിയുടെ പേരില്‍ മറ്റ് കേസുകളൊന്നും നിലവില്ലെന്നും പൊലീസ് അറിയിച്ചു.

ഗുരുദ്വാര പരിസരത്ത് മദ്യപിക്കുകയായിരുന്ന കൗറിനെ ഗുരുദ്വാരയുടെ മാനേജറിന്റെ ഓഫീസിലേക്ക് കമ്മിറ്റിക്കാര്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് കമ്മിറ്റിക്കാരെ കൗര്‍ ആക്രമിച്ചെന്നും ഇവരെ പൊലീസിനെ ഏല്‍പ്പിച്ച് ഓഫീസിന് പുറത്ത് ഇറങ്ങുമ്പോഴാണ് പ്രതി വെടിയുതിര്‍ത്തതെന്നാണ് സതീന്ദര്‍ സിങ് പറഞ്ഞത്.

5 റൗണ്ട് വെടിയുതിര്‍ത്തു. 3 ബുള്ളറ്റുകള്‍ തുളച്ച കൗര്‍ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. ഒരു വെടിയുണ്ട അടുത്ത് നിന്ന് ആളിന് കൊണ്ട് പരുക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം തോക്ക് പൊലീസിനെ ഏല്‍പ്പിച്ച് പ്രതി  കീ‍ഴടങ്ങി

പരിശോധനയില്‍ കൗറിന്‍റെ പക്കല്‍ മദ്യാസക്തി കുറയ്ക്കാനുള്ള ഡോക്ടറുടെ കുറിപ്പടി ലഭിച്ചതായും കൗറിന് വിഷാദരോഗമുള്ളതായി കുറിപ്പടിയില്‍ നിന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration