ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബൈക്ക്

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബൈ വിമാനത്താവളത്തിന്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 2.12 കോടി യാത്രക്കാരെ സ്വീകരിച്ചാണ് ദുബൈ വിമാനത്താവളം ഈ നേട്ടം സ്വന്തമാക്കിയത്.

ദുബൈ വിമാനത്താവളത്തിൽ 2023-ന്റെ തുടക്കം മുതൽ തന്നെ വിനോദ സഞ്ചാരികളുടെയും ബിസിനസ് യാത്രികരുടെയും എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. 2023ലെ ആദ്യമൂന്ന് മാസം 2കോടി 12 ലക്ഷം പേരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. 30 ലക്ഷം പേരാണ് ഇന്ത്യയിലേക്കും തിരിച്ചും ഈ കാലയളവിൽ യാത്ര ചെയ്തത്.

സൗദി അറേബ്യയിലേക്ക് 16 ലക്ഷവും യു.കെയിലേക്ക് 14 ലക്ഷവും പാകിസ്ഥാനിലേക്ക് 10 ലക്ഷവും യാത്രക്കാർ സഞ്ചരിച്ചു. ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിൽ നിന്നും, തിരിച്ചും സഞ്ചരിച്ച നഗരം ലണ്ടനാണ്. കൊവിഡ് പടർന്നുപിടിക്കുന്നതിന് മുമ്പുള്ള 2020 ജനുവരിക്കുശേഷം ഏറ്റവും ഉയർന്ന പ്രതിമാസ യാത്രികരുണ്ടായ മാസം ഈ വർഷം മാർച്ചിലാണ്. 73 ലക്ഷം യാത്രക്കാരാണ് മാർച്ചിൽ ദുബൈ വഴി സഞ്ചരിച്ചത്. യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഈ വർഷം പ്രവചിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം 8.3 കോടിയായി ഉയരുമെന്ന് ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത് പറഞ്ഞു.

നേരത്തേ 7.8 കോടി യാത്രക്കാരെയാണ് പ്രതീക്ഷിച്ചിരുന്നത്. 2022-ൽ ആകെ 6.6 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിൽ എത്തിയത്. ലോകത്ത് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകുന്നതിലും മുൻപന്തിയിലാണ് ദുബൈ വിമാനത്താവളം. സെക്കൻഡുകൾ കൊണ്ട് എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ കഴിയുന്ന സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ദുബൈ വിമാനത്താവളത്തെ കൂടുതൽ ആകർഷകമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News