കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) പുതിയ പദ്ധതി ആരംഭിച്ചു. ‘മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം’ എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ജോലി സ്ഥലങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാനും അവരുടെ ജോലിയുടെ പ്രാധാന്യങ്ങളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും അവസരം ലഭിക്കും. ജീവനക്കാരുടെ ആറിനും 16നും ഇടയില്‍ പ്രായമുള്ള 100 കുട്ടികളെ സംരംഭത്തില്‍ ഉള്‍പ്പെടുത്തി പ്രധാന ഓഫീസില്‍ നിന്ന് വിവിധ സ്ഥലങ്ങളിലെ ഡയറക്ടറേറ്റിന്റെ കേന്ദ്രങ്ങളിലേക്ക് പദ്ധതി വിപുലപ്പെടുത്തി.
ALSO READ: അവധി കഴിഞ്ഞ് ജോലിയില്‍ തിരിച്ചു കയറാന്‍ മടിയുള്ളവരാണോ നിങ്ങള്‍..? എങ്കില്‍ ഇതാ പരിഹാരം
ദുബായ് എയര്‍പോര്‍ട്ട് ജിഡിആര്‍എഫ്എ സെക്ടര്‍, ഹത്ത ബോര്‍ഡ് ക്രോസിംഗ്, ലംഘകരുടെ ഷെല്‍ട്ടര്‍ സെന്റര്‍, ജബല്‍ അലി പോര്‍ട്ട് എന്നീ സ്ഥലങ്ങളിലെ ഓഫീസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് വിപുലീകരിച്ചത്. വിവിധ അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും ഗൈഡഡ് ടൂറുകളും ഇതിന്റെ ഭാഗമായി നടന്നു.
കമ്മ്യൂണിറ്റിയുടെയും മാനുഷിക പ്രവര്‍ത്തനത്തിന്റെയും ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളില്‍ സന്നദ്ധപ്രവര്‍ത്തനത്തിന്റെ മനോഭാവം ജ്വലിപ്പിക്കുന്നതിനുമായി ‘വോളണ്ടിയര്‍ ഹീറോസ്’ എന്ന ശീര്‍ഷകത്തിലുള്ള ശില്‍പശാലയും സംഘടിപ്പിച്ചു. പുതിയ തലമുറയും തൊഴില്‍ അന്തരീക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു.
ദുബായ് റസിഡന്‍സി ജീവനക്കാരുടെ 100 കുട്ടികളെ ഉള്‍പ്പെടുത്തുന്നതിലൂടെ, ജോലിസ്ഥലത്ത് മാതാപിതാക്കളുടെ റോളുകള്‍ മനസിലാക്കാനും ഓരോരുത്തരും ചെയ്യുന്ന ജോലികള്‍ അവരെ പരിചയപ്പെടുത്താനും അവരുടെ മനസ്സില്‍ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംരംഭം.കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ കഴിവുകളുടെ വികസനത്തിന് ഇത്തരത്തിലുള്ള പദ്ധതികള്‍ കൂടുതല്‍ സഹായകരമാകുമെന്നും രാജ്യത്തിനും, സമൂഹത്തിനും മികച്ച സംഭാവന നല്‍കാന്‍ പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here