യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളം; ഈ വർഷം സെപ്റ്റംബർ 30 വരെ രാജ്യം സന്ദർശിച്ചത് 6 കോടി 86 ലക്ഷം പേർ

അറേബ്യൻ നാടുകൾ ലോകത്തിനെന്നും കൌതുകം പകരുന്ന സ്ഥലമാണ്. സമ്പത്തിനായും ഉപജീവനം തേടിയും വിനോദ സഞ്ചാരത്തിനായും ഗൾഫ് നാടുകൾ സന്ദർശിക്കുന്നവർ അനവധിയാണ്. ഇപ്പോഴിതാ അത്തരമൊരു കണക്കാണ് പുറത്തു വരുന്നത്. ദുബായിൽ ഈ വർഷം മൂന്നാംപാദം വരെ ആറ് കോടി 86 ലക്ഷം യാത്രക്കാരെ രാജ്യം വരവേറ്റെന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2024 സെപ്റ്റംബർ 30 വരെ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിൽ എത്തിയത് ആറ് കോടി 86 ലക്ഷം യാത്രക്കാർ.  നാലാം പാദത്തിൽ മാത്രം രണ്ട് കോടി 30 ലക്ഷം യാത്രക്കാരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് അവധിയാഘോഷിക്കാനും യുഎഇയിലെ തണുപ്പ് ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്താണ് ഈ വിലയിരുത്തൽ.

ALSO READ: എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മതരാഷ്ട്ര വാദികളുടെ വോട്ട് സതീശനും ഷാഫിയും വേണ്ടെന്ന് പറയുമോ?; എ എ റഹീം എംപി

പടിഞ്ഞാറൻ യൂറോപ്പിൽ നിന്ന് കൂടുതൽ പേരെത്തുമെന്നാണ് കണക്ക് കൂട്ടൽ. 6.3 ശതമാനമാണ് മൂന്നാം പാദത്തിൽ മാത്രമുള്ള യാത്രക്കാരുടെ വർധന. ഇക്കാലയളവിൽ ഒരുലക്ഷത്തി പതിനൊന്നായിരത്തി മൂന്ന് വിമാന സർവീസുകളാണ് നടത്തിയത്. ഒൻപത് മാസത്തെ കണക്ക് അനുസരിച്ച് 3,27,700 വിമാനസർവീസ് നടത്തി. മുൻവർഷത്തെക്കാൾ 6.4 ശതമാനം കൂടുതൽ ആണ് ഇത്.  പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാത്രമല്ല, ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും ആഗോളതലത്തിൽ ആകർഷകമായ സ്ഥലമെന്ന നിലയിൽ ദുബായ് മാറിയതിൻ്റെ തെളിവാണ് ഇതെന്ന് ദുബായ് എയർപോട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. അതേസമയം ദുബായിൽ നിന്ന് ഏറ്റവും അധികം യാത്രക്കാർ സന്ദർശിച്ച രാജ്യം ഇന്ത്യയാണ്. 89 ലക്ഷം പേർ. 56 ലക്ഷം യാത്രക്കാരുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം നഗരങ്ങളിൽ ഏറ്റവും അധികം പേർ യാത്ര ചെയ്തത് ലണ്ടനിലേക്കാണ്. 29 ലക്ഷം. റിയാദ് രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തുമാണ്.   

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here