ദുബായിലെ ആഘോഷ പരിപാടികളിൽ ചരിത്രം കുറിച്ച് ഓർമ സംഘടിപ്പിച്ച കേരളോത്സവം

dubai keralolsavam

ദുബായിലെ ആഘോഷ പരിപാടികളിൽ ചരിത്രം കുറിച്ച് ഓർമ സംഘടിപ്പിച്ച കേരളോത്സവം. വൈവിധ്യങ്ങളായ കലാ പരിപാടികൾ കൊണ്ട്
വ്യത്യസ്തത തീർത്തു കൊണ്ടാണ് ഓർമ കേരളോത്സവത്തിനു സമാപനമായത്. കേരളത്തിലെ ഉത്സവ പറമ്പുകളിലെ കാഴ്ചകളെ അതേപടി
പകർത്തിയിരുന്നു കേരളോത്സവം സംഘടിപ്പിച്ചത്. പ്രവാസ ലോകത്തു സമാനതകൾ ഇല്ലാത്ത ഉത്സവക്കാഴ്ചകൾക്കാണ് ഓർമ കേരളോത്സവം സാക്ഷ്യം വഹിച്ചത്. കേരളത്തനിമ വിളിച്ചോതുന്ന വിവിധങ്ങളായ കലാപ്രകടനങ്ങൾ കേരളോത്സവത്തെ വേറിട്ടതാക്കി മാറ്റി. ഗാനമേളയും ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. കേരളത്തിലെ ഉത്സവ പറമ്പുകളിൽ നിന്ന് മൺമറഞ്ഞു പോകുന്ന കലാ രൂപങ്ങൾ വരെ ഓർമ കേരളോത്സവ വേദിയിൽ എത്തി. മെഗാ തിരുവാതിരയും കുടമാറ്റവും മട്ടന്നൂർ ശങ്കരൻ കുട്ടി നയിച്ച വാദ്യമേളവും അരങ്ങു തകർത്തു.

കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് രണ്ടു ദിവസത്തെ കേരളോത്സവത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്. പൂരക്കളിയും വിവിധങ്ങളായ നൃത്തരൂപങ്ങളുമാണ് കേരളോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്. പ്രവാസി മലയാളികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. മലയാളം മിഷൻ, നോർക്ക എന്നിവ ഉൾപ്പെടെ നിരവധി സ്റ്റാളുകളും ഉത്സവ നഗരിയിൽ ഒരുക്കിയിരുന്നു. ഉത്സവ വേദിയിൽ ഒരുക്കിയ ചായക്കടകൾ ആയിരുന്നു മറ്റൊരു ആകർഷണം. നീട്ടിയടിച്ച സമാവർ ചായ മുതൽ കപ്പയും ബീഫുമൊക്കെ ഇത്തരം സ്റ്റാളുകൾ കയ്യടക്കി. വള കച്ചവടക്കാർ, ബലൂൺ വിൽപ്പനക്കാർ, ഹൽവ വിൽപ്പനക്കാർ ഇങ്ങനെ, അക്ഷരാർത്ഥത്തിൽ കേരളത്തിലെ ഒരു ഉത്സവത്തെ തന്നെ ദുബായിൽ പുസസൃഷ്ടിക്കുകയായിരുന്നു ഓർമ കേരളോത്സവം.

സിതാര കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ പ്രൊജക്‌ട്‌സ്‌ മലബാറിക്കസ്‌ ബാൻഡും ഗായകൻ അരവിന്ദ്‌ നായരും ഒരുക്കിയ സംഗീത വിരുന്നും കേരളസവത്തിന്റെ മാറ്റ് കൂട്ടി. ഗായകരായ ആര്യ ദയാൽ, സച്ചിൻ വാരിയർ എന്നിവരുടെ പരിപാടിയും അരങ്ങേറി. സംഘാടക മികവ് ശ്രദ്ധ നേടിയ ഓർമ കേരളോത്സവത്തിൽ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ജന ബാഹുല്യം കൊണ്ട് കേരളോത്സവ വേദി നിറഞ്ഞു നിന്നു. ദുബായ് അമിറ്റി സ്കൂളിലെ കേരളോത്സവം വേദിയിൽ പതിനായിരങ്ങൾ ഒഴികിയെത്തിട്ടും യാതൊരു തടവുമില്ലാതെ അവർക്കൊക്കെയും ഉത്സവക്കാഴ്ചകൾ ആസ്വദിക്കാൻ ഓർമ നടത്തിയ സംഘാടക മികവ് ഏറെ പ്രശംസ നേടി.

നൂറു കണക്കിന് ഓർമ പ്രവർത്തകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ വിജയം കൂടിയായിരുന്നു ഇത്. പഴുതടച്ച ആസൂത്രണം ഓരോ പരിപാടിയും അങ്ങേയറ്റം മികവുറ്റതാക്കി. ദുബായ് അമിറ്റി സ്കൂളിലെ മൈതാനത്തെ മനോഹരമായ ഒരു ഉത്സവ നഗരിയാക്കി മാറ്റിയത് ഏവരെയും വിസ്മയിപ്പിച്ചു. കേരളോത്സവത്തിന്റെ രണ്ടു ദിവസങ്ങളിലും യാതൊരു പരാതിക്കും ഇട നല്കാനാകാത്ത തരത്തിൽ ഓർമ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിച്ചും
ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഓർമ സംഘടിപ്പിച്ച കേരളോത്സവം സാംസ്‌കാരിക സമ്മേളനത്തോടെയും സിതാര കൃഷ്ണകുമാറിന്റെ സംഗീത വിരുന്നോടെയുമാണ് സമാപിച്ചത്.

ദുബായ് അമിറ്റി സ്കൂളിൽ നടന്ന കേരളസവത്തിന്റെ രണ്ടാം ദിനത്തിൽ സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര താരവും നർത്തകിയുമായ മേതിൽ ദേവിക ഉദ്‌ഘാടനം ചെയ്‌തു. ഓർമ വൈസ് പ്രസിഡന്റ്‌ നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. കെ പ്രേംകുമാർ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ എൻ കെ കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, ലോക കേരള ക്ഷണിതാക്കളായ രാജൻ മാഹി, അനിത ശ്രീകുമാർ, പ്രോഗ്രാം കമ്മറ്റി വൈസ് ചെയർമാൻ സികെ റിയാസ്, ദിലീപ് സി എൻഎൻ, ലിജിന എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ അനീഷ് മണ്ണാർക്കാട് സ്വാഗതവും അപർണ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തിൽ വാദ്യമേളം വേദിയിൽ അരങ്ങേറി. മകൻ ശ്രീകാന്ത്, ഓർമ കലാകാരന്മാർ എന്നിവർ മട്ടന്നൂരിനൊപ്പം കൊട്ടിക്കയറി. ഓർമ അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന ‘വാക്കിടം’ സുവനീറിന്റെ കവർപേജ്‌ കെ പ്രേംകുമാർ എംഎൽഎയ്ക്ക്‌ നൽകികൊണ്ട്‌ മേതിൽ ദേവിക പ്രകാശിപ്പിച്ചു. ഓർമ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉത്സവനഗരിയില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് ഓര്‍മയുടെ സാഹിത്യവിഭാഗം ഒരുക്കിയ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ രൂപത്തിലുളള പവലിയന്‍ ഏറെ ശ്രദ്ധ നേടി. പവലിയനകത്ത് ഒരുക്കീയ ഇന്ത്യയിലെ നാനാവിധ വൈവിധ്യങ്ങളേയും ചരിത്രപരമായി അടയാളപ്പെടുത്തിയ ചിത്രപദര്‍ശനം ഒരുക്കിയിരുന്നു.

പ്രദര്‍ശനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താനുളള വലിയ കമന്‍റ് വാളില്‍ ആയിരക്കണക്കിന് പേർ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇതിനോടനുബന്ധിച്ച് നടത്തിയ സെമിനാറുകളിലും,കവിയരങ്ങിലും വന്‍ ജനപങ്കാളിത്തമുണ്ടായി. ഇതാദ്യമാണ് ദുബായിൽ ഇത്തരത്തിൽ വിപുലമായ രീതിയിൽ ഒരു ഉത്സവം സംഘടിപ്പിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here