യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് ഓർമ കേരളോത്സവം

Dubai Keralolsavam

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് ഓർമ കേരളോത്സവം 2024 ഡിസംബർ 1 , 2 തീയ്യതികളിൽ ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മണി മുതൽ അരങ്ങേറും. ഡിസംബർ 1 ന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുമെന്നു സംഘാടകർ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നർത്തകിയും സിനിമ താരവുമായ മേതിൽ ദേവിക മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി എന്നിവരെ കൂടാതെ ദുബായിലെ സർക്കാർ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം, യുവ ഗായകരായ ആര്യദയാൽ, സച്ചിൻവാര്യർ, സിതാര കൃഷ്ണകുമാർ, സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായർ എന്നിവർ ഒരുക്കുന്ന സംഗീത നിശ എന്നിവ അരങ്ങേറും.

Also Read: 230 കോടിയുടെ ജാക്ക്പോട്ട്! ‘ലൈഫ് ടൈം സെറ്റിൽമെന്‍റു’മായി തങ്ങളുടെ ആദ്യ ലോട്ടറി പ്രഖ്യാപിച്ച് യുഎഇ

ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട്, തുടങ്ങിയ കലാരൂപങ്ങൾ വർണ്ണ വിസ്മയമൊരുക്കും. തെരുവ് നാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി കോൽക്കളി, പൂരക്കളി, സംഗീത ശിൽപ്പം , സൈക്കിൾ യജ്‌ഞം, റിക്കാർഡ് ഡാൻസ്, തുടങ്ങിയ നൃത്ത- നാടൻ – കലാരൂപങ്ങളും, കേരളത്തിന്റെ തനത് നാടൻ രുചിവൈഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങി, മലയാളത്തിന്റെ തനിമയെയും സംസ്കൃതിയെയും ഇഴചേർത്തൊരുക്കുന്ന കേരളോത്സവം, പ്രവാസലോകത്തിലെ പുതുതലമുറക്കും പരിചയപ്പെടുത്തി ഒരു വ്യത്യസ്ത അനുഭവമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.

നൂറോളം വർണ്ണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ചു എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ് , പ്രശ്നോത്തരികൾ, യുഎഇയിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ പെയിന്റിങ്ങും, കേരളത്തിന്റെ ചരിത്രവും, പോരാട്ടത്തിന്റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര – പുരാവസ്തു പ്രദർശനങ്ങളും സദസ്യർക്കും പുതുതലമുറക്കും പുത്തൻ അനുഭവങ്ങൾ പകർന്നു നൽകും.

Also Read: കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി; വാറ്റ് റീഫണ്ട് സംവിധാനം നടപ്പിലാക്കിയേക്കും

ദുബായിലെ മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗവാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരവും പുതുതായി മലയാളം മിഷനിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രെജിസ്ട്രേഷൻ സൗകര്യവും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, KSFE തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്നു സംഘാടകർ അറിയിച്ചു.

വിസ്മയാനുഭവങ്ങളുടെ നിരവധി മുഹൂർത്തങ്ങൾ കാഴ്ചവെക്കുന്ന കേരളോത്സവം അനുവാചക മനസുകളിൽ ഗൃഹാതുരത്വത്തിന്റെ മധുര നൊമ്പരമുണർത്തുന്ന ഒരു മഹോത്സവമായി മാറും. ഇവന്റൈഡ്സ് ഇവന്റിന്റെ ബാനറിൽ ഒരുങ്ങുന്ന കേരളോത്സവത്തിന് പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, ഷിഹാബ് പെരിങ്ങോട് , ജിജിത അനിൽകുമാർ , ലിജിന കൃഷ്ണൻ എന്നിവരും, ഫ്രാഗ്രൻസ് വേൾഡ് പെർഫ്യൂംസ് പ്രതിനിധികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here