ദുബായ് ഓര്‍മ – കേരളോത്സവം 2024; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ദുബായ് ഓര്‍മ നടത്തുന്ന കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ഒന്ന്, രണ്ടു തീയതികളില്‍ ദുബായില്‍ വെച്ചാണ് വിപുലമായ രീതിയില്‍ കേരളോത്സവം സംഘടിപ്പിക്കുന്നത്. കേരളോത്സവത്തിന് വേദിയാകുന്ന ദുബായ് അമിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൂരനഗരിയുടെ നിലമൊരുക്കല്‍ ആരംഭിച്ചു. വിവിധ സ്റ്റാളുകളുടെയും മറ്റും സജ്ജീകരണങ്ങള്‍ പുരോഗമിക്കുകയാണ്. ഓര്‍മ കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് വലിയ ഒരുക്കങ്ങളാണ് ഒത്തൊരുമയോടെ നടത്തുന്നത്. കേരളോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ALSO READ: മികവിലേക്ക് കുതിക്കാൻ യുഎഇ; രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം

ഓര്‍മയുടെ അഞ്ചു മേഖലകളിലായി അംഗത്വമുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒരുമാസക്കാലത്തോളം ദിവസവും ജോലികഴിഞ്ഞെത്തിയ ശേഷം ഏറെ വൈകും വരെയും നടത്തുന്ന കഠിനാധ്വാനമാണ് കേരളോത്സവത്തിന് പിന്നിലുള്ളത്. ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം, മെഗാതിരുവാതിര, ഒപ്പന, കോല്‍ക്കളി, ചെണ്ടമേളം, തെരുവുനാടകം തുടങ്ങി വിവിധ കലാപരിപാടികളാണ് കേരളോത്സവത്തിന്റെ മാറ്റ് കൂട്ടുന്നത്. എല്ലാവര്‍ക്കുമുള്ള ഭക്ഷണവും ഒരുമിച്ച് തയ്യാറാക്കി പങ്കിട്ടു കഴിച്ച് കേരളത്തിന്റെ ഗ്രാമീണ ഉത്സവാന്തരീക്ഷത്തിലാണ് കേരളോത്സവത്തിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നത്.

ALSO READ: കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ചു

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് -കേരളോത്സവത്തിന്റെ രണ്ടു ദിവസവും വൈകിട്ട് 4 മണി മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് കാത്തിരിക്കുന്നത്. സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്‍ഡോ അറബ് കള്‍ച്ചറല്‍ല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും പ്രശസ്ത നര്‍ത്തകിയും ചലച്ചിത്ര താരവുമായ മേതില്‍ ദേവിക, സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രശസ്ത മേള കലാകാരനുമായ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, പ്രൊജക്ടസ് മലബാറികസ് ബാന്‍ഡുമായി പ്രശസ്ത ഗായിക സിതാരയും സംഘവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ വിജയി അരവിന്ദ് നായര്‍, യുവഗായകരായ ആര്യ ദയാല്‍, സച്ചിന്‍ വാര്യര്‍, എന്നിങ്ങനെ കേരളത്തിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രശസ്ത വ്യക്തികള്‍ ഈ രണ്ടു ദിവസങ്ങളിലായി കേരളോത്സവ വേദികളില്‍ എത്തിച്ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here