മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ താന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന പോലെയാണ് ദുൽഖർ സൽമാൻ. ലൊക്കേഷന്‍ എവിടെയായാലും കുഴപ്പമില്ലെന്നും, നമ്മുടെ ഭാഷയില്‍ സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ തനിക്ക് ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ മതിയെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
‘മലയാളത്തിൽ സിനിമകൾ ലഭിക്കുമ്പോൾ എനിക്ക് വേറെ വലിയ പഠനമൊന്നും ആവശ്യമില്ല. ഏറ്റവും കംഫര്‍ട്ട് മലയാളത്തില്‍ തന്നെയാണ്. ഞാന്‍ ചെന്നൈയില്‍ വളര്‍ന്നതുകൊണ്ട് പിന്നെ എനിക്ക് ഫെമിലിയര്‍ തമിഴാണ്. പിന്നെ ഹിന്ദി. തെലുഗു ആണ് എനിക്കിപ്പോഴും മുഴുവന്‍ അറിയാത്തത്. തെലുഗു മനസിലായി തുടങ്ങി, പറയാന്‍ പക്ഷെ നന്നായി അറിയില്ല. ഹൈദരാബാദ് പ്രൊമോഷനിലൊക്കെ ഐശ്വര്യ എനിക്ക് ചില വാക്കുകളൊക്കെ പറഞ്ഞുതരും. നമ്മുടെ ഇവിടത്തെ പെണ്‍കുട്ടികള്‍ക്ക് ഭാഷ പഠിക്കാനെന്തോ പ്രത്യേക ടാലന്റുണ്ട്. എനിക്കെത്ര ക്രെഡിറ്റ് തന്നിട്ടും കാര്യമില്ല, കാരണം സംയുക്ത ആണെങ്കിലും ഐശ്വര്യയാണെങ്കിലും അനുഭമ ആണെങ്കിലുമൊക്കെ കോണ്‍ഫിഡന്റായിട്ട് സംസാരിക്കുകയും ചെയ്യും അഭിമുഖവും കൊടുക്കും, അതും വെള്ളം പോലെ പറയും,’ ദുല്‍ഖര്‍ പറഞ്ഞു.
‘ഞാനിപ്പോള്‍ ഇതിനെ കുറിച്ച് തമാശ ഒക്കെ പറഞ്ഞു തുടങ്ങി പകല്‍ നടനും രാത്രി ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണെന്ന്. ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഞാന്‍ ഡബ്ബ് ചെയ്തു. എനിക്ക് ശരിക്കും അത്രയും ഭാഷകള്‍ ഇഷ്ടമാണ്. ഏറ്റവും വൃത്തിയായി പറയാനും അല്ലെങ്കില്‍ അത് അത്രയും നാച്ചുറല്‍ ആക്കി പറയാനൊക്കെ ശ്രമിക്കുന്നത് ഞാന്‍ എന്‍ജോയ് ചെയ്യുന്ന കാര്യമാണ്. ഓകെ കണ്‍മണി, സോളോ ഒക്കെ വേറെ വോയ്‌സിലാണ്. ഓക്കെ പങ്കാരം നാനിയുടെ വോയ്‌സിലാണ് ചെയ്തത്. അത് കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുറച്ച് ഓഫ് ആയിട്ട് തോന്നി. എനിക്ക് തോന്നുന്നത് തന്നെ ഓഡിയന്‍സിനും തോന്നുമെന്നാണ് ഞാന്‍ കരുതുന്നത്. ചില സിനിമകള്‍ ഡേറ്റിന്റെ കാര്യം കൊണ്ട് ഡബ്ബ് ചെയ്യാന്‍ പറ്റാതെ വരാറുണ്ട്. കിങ് ഓഫ് കൊത്തയില്‍ ഇത്രയും എഫര്‍ട്ട് ഇട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തില്ലെങ്കില്‍ അത് ഫെയര്‍ ആയിരിക്കില്ല,’ ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here