ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ ഞാന്‍ അവള്‍ക്ക് മെസ്സേജ് അയച്ചു; അമാലുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് ദുല്‍ഖര്‍

ഭാര്യ അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ച കുട്ടിയായിരുന്നു അമാലെന്നും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്നും ദുല്‍ഖര്‍ സല്‍മാര്‍ പറയുന്നു.

‘ഹീരിയെ’ എന്ന ഹിന്ദി ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ:

”സമൂഹമാധ്യമങ്ങള്‍ വളരെ സജീവമല്ലാത്ത കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000 ത്തിന്റെ തുടക്കത്തില്‍ ആയിരുന്നു അത്. ഞങ്ങള്‍ രണ്ടും ഒരേ സ്‌കൂളില്‍ ആണ് പഠിച്ചിരുന്നത്. അവള്‍ എന്നേക്കാള്‍ അഞ്ചു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ അവളെ മറ്റൊരു രീതിയില്‍ ഒന്നും കണ്ടിട്ടില്ല. ജൂനിയര്‍ ആയ ഒരു ചെറിയ കുട്ടി അത്രയേ ഉള്ളൂ. ചെന്നൈ വലിയ സിറ്റി ഒന്നും അല്ലാത്തതുകൊണ്ട് എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു, അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്. ഞാന്‍ കോളജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ നിനക്ക് സെറ്റില്‍ ആകാന്‍ സമയമായി എന്ന് വീട്ടുകാര്‍ പറഞ്ഞു. ”നീ വിവാഹം കഴിക്കാന്‍ ഒരാളെ കണ്ടെത്തണം, അല്ലെങ്കില്‍ ഞങ്ങള്‍ കണ്ടെത്താം” എന്ന് പറഞ്ഞു.

പക്ഷേ എനിക്ക് അറേന്‍ജ്ഡ് മാര്യേജ് ഇഷ്ടമല്ലായിരുന്നു. ഒരാളെ ആദ്യമായി പോയി കണ്ടിട്ട് സ്വീകരിക്കാനോ നിഷേധിക്കാനോ എനിക്ക് കഴിയില്ല. അതുകൊണ്ട് വിവാഹാലോചന ഒന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയിരിക്കെ അമാലിനെ ചെന്നൈയില്‍ വച്ച് വീണ്ടും കാണാനിടയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അവള്‍ ഇടയ്ക്കിടെ എന്റെ മുന്നില്‍ വന്നു പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്‍പ് പുറത്ത് വച്ച് അമാലിനെ ഞാന്‍ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും അമാലിനെ എവിടെയെങ്കിലും വച്ച് കാണും. എന്തുകൊണ്ടാണ് ഇങ്ങനെ ഇവളെ ഇടയ്ക്കിടെ കാണാന്‍ ഇടയാക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.

പാര്‍ലറില്‍ പോകുമ്പോഴും, സിനിമ കാണാന്‍ പോകുമ്പോഴുമൊക്കെ ഞാന്‍ അവളെ കാണാന്‍ തുടങ്ങി. സത്യത്തില്‍ ഇതൊരു സൈന്‍ ആയാണ് എനിക്ക് തോന്നിയത്. അങ്ങനെ ഒരിക്കല്‍ ഫെയ്‌സ്ബുക്കില്‍ ഞാന്‍ അവള്‍ക്ക് മെസ്സേജ് അയച്ചു. ”ഞാന്‍ നിന്റെ സ്‌കൂളിലെ സീനിയറാണ് നിനക്ക് ഓര്‍മയുണ്ടോ എന്ന് അറിയില്ല” എന്ന് പറഞ്ഞു. കുറച്ചു ദിവസം സംസാരിച്ചപ്പോള്‍ പുറത്തു വച്ച് നേരിട്ട് കാണാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇതെല്ലാം മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അവളെ അറിയാം. ചിലപ്പോള്‍ ഇവളെ ആയിരിക്കും ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് എല്ലാവര്‍ക്കും താല്പര്യമുണ്ടെങ്കില്‍ ഞാന്‍ അവളെ ഒന്ന് കാണാം എന്ന് വീട്ടില്‍ പറഞ്ഞു. രണ്ടു സ്‌കൂള്‍ സുഹൃത്തുക്കള്‍ ഒരു കാപ്പി കുടിക്കാന്‍ ഒരുമിച്ചു പോകുന്നു എന്നെ അന്ന് കരുതിയുള്ളൂ. അമാലും വീട്ടില്‍ എല്ലാവരുടെയും അറിവോടെയാണ് വന്നത്. അവിടെ വച്ച് കണ്ടതിന്റെ പിറ്റേന്ന് ഞങ്ങള്‍ പോണ്ടിച്ചേരിയിലേക്ക് ഒരു യാത്രപോയി. പക്ഷേ അത് എന്നോടവള്‍ക്ക് താത്പര്യമുണ്ടെന്ന് മനസ്സിലായതിനു ശേഷമായിരുന്നു.”-ദുല്‍ഖര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News