ദില്ലി: രാജ്യതലസ്ഥാനത്ത് ഉണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്ന് വായുഗുണനിലവാരം കുത്തനെ ഇടിഞ്ഞു. രണ്ട് ദിവസങ്ങളായി ദില്ലിയില്‍ പൊടിക്കാറ്റ് വീശുന്നുണ്ട്. കാറ്റിനൊപ്പം കൊടുംചൂട് കൂടി ആയതോടെ ദില്ലിയിലെ ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണ്.
ഇതിനിടെ കാഴ്ചാപരിധി 1000 മീറ്ററായി കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 10ന്റെ സാന്ദ്രത ഒരു ക്യൂബിക് മീറ്ററിൽ 140 മൈക്രോഗ്രാം ആയിരുന്നു. എന്നാൽ 8 മണിക്ക് ഇത് 775 മൈക്രോഗ്രാം ആയി ഉയരുകയായിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നുണ്ട്. മഴയുടെ അഭാവം മൂലം രാജ്യതലസ്ഥാനം വരണ്ടുണങ്ങിയ അവസ്ഥയാണ്. ഇതിനിടയ്ക്കാണ് പുലർച്ചെ മണിക്കൂറിൽ 30-35 കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശിയടിച്ചത്. ഇതോടെ അന്തരീക്ഷം പൊടിപടലങ്ങളാൽ നിറഞ്ഞു. വരും മണിക്കൂറുകളിൽ മലിനീകരണ തോത് കുറയുമെന്ന് ഡൽഹി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.
വൈകുന്നേരം നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾക്ക് വലിയ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ചയോടെ കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് മുന്നറിയിപ്പുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here