അബ്ദുറഹ്മാൻ സാഹിബിൻ്റെ പേരിൽ മതനിരപേക്ഷ മനസ്സുകളില്‍ വിള്ളലുണ്ടാക്കാനുള്ള ബിജെപി നീക്കത്തെ കരുതിയിരിക്കുക: ഡിവൈഎഫ്ഐ

മതനിരപേക്ഷ മനസ്സുകളില്‍ വിള്ളലുണ്ടാക്കാനുള്ള ബിജെപിപി നീക്കത്തെ കരുതിയിരിക്കാൻ ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ. കണ്ടംകുളത്തെ ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്റെ പേര് കൂട്ടി ചേര്‍ക്കുന്നത് ഇസ്ലാമിക വല്‍ക്കരണമാണെന്ന പ്രചരണത്തിനെതിരെയായ് ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുന്നത്.

ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജ്വലിച്ച് നിന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ വര്‍ഗ്ഗീയവാദിയാക്കാനുള്ള ആര്‍എസ്എസ്- ബിജെപി ശ്രമത്തെ കോഴിക്കോട്ടെ ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്നും ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു.

1930 മെയ് 7ന് പയ്യന്നൂരില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ പൊതുയോഗത്തില്‍ ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് ഹിന്ദുക്കളും മുസ്ലീംങ്ങളുമെല്ലാം പങ്കെടുക്കേണ്ടതുണ്ടെന്നും അതവരുടെ വിശ്വാസപരമായ കടമയാണെന്ന് ഓര്‍മ്മപ്പെടുത്തി ചരിത്രപരമായ പ്രസംഗം നടത്തുകയും ചെയ്തത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബാണ്. 1930ന് മെയ് 12ന് കോഴിക്കോട്ടെ കടപ്പുറത്ത് ഉപ്പ് സത്യാഗ്രഹത്തില്‍ അസാമാന്യമായ ധീരത പ്രകടിപ്പിക്കുകയും സമരമുഖത്ത് എല്ലാവരെയും കൂട്ടിയോജിപ്പിക്കുകയും ചെയ്തതും അദ്ദേഹമായിരുന്നു എന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

തളിക്ഷേത്രത്തിനടുത്തുള്ള വേര്‍ക്കോട്ട് ഹൗസ് മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്നു. ഇതിന്റെയെല്ലാം ഭാഗമായുള്ള കണ്ടംകുളത്തെ ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്റെ പേര് കൂട്ടി ചേര്‍ക്കുന്നത് ഇസ്ലാമിക വല്‍ക്കരണമാണെന്ന പ്രചരണമാണ് വര്‍ഗ്ഗീയവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആളുകളുടെ പേരിനെയും വസ്ത്രത്തെയും മതത്തെയും സമൂഹം അവരെ ഏൽപ്പിച്ച ചുമതലകളെയും ജീവിതരീതികളെയുമെല്ലാം വിദ്വേഷവും വിഭജനവും സൃഷ്ടിക്കാൻ ഉപയോഗപ്പെടുത്തുകയാണ് കപട ദേശീയവാദികളും വര്‍ഗ്ഗീയവാദികളും. ഇത്തരക്കാരുടെ പ്രചരണങ്ങളെ മതനിരപേക്ഷ മനസ്സ് ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News