കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് ഡിവൈഎഫ്ഐ; ജനുവരി 20ന് കേരളം കൈകോര്‍ക്കും ഒറ്റക്കെട്ടായി

കേരളത്തോടുള്ള കേന്ദ്ര അവഗണനയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നടത്തുന്ന മനുഷ്യച്ചങ്ങല 2024 ജനുവരി 20നാണ്. റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയിലെ പ്രധാന വിഷയങ്ങള്‍ ഇവയൊക്കെയാണ്.

റെയില്‍വേ അവഗണന

റെയില്‍വേ വികസനത്തില്‍ കേരളത്താട് കടുത്ത അവഗണനയാണ് പുലര്‍ത്തുന്നത്. കേരളത്തിന്റെ പാത ഇരട്ടിപ്പിക്കലും സിഗ്നല്‍ നവീകരിക്കലും ഒരു പതിറ്റാായിട്ടും ഏന്തിവലിഞാണു നീങ്ങുന്നത്. പുതിയ പാതകളുടെ നിര്‍മാണമൊന്നും നടക്കുന്നില്ല. ശബരിമലയിലേക്കുള്ള റെയില്‍പോലും സംസ്ഥാന സര്‍ക്കാര്‍ മുതല്‍മുടക്കണമെന്നാണു റെയില്‍വേ ആവശ്യപ്പെടുന്നത്. വന്ദേഭാരത് ട്രെയിന്‍ പോലുള്ള വേഗത കൂടിയ ട്രെയിനുകള്‍ ഓടിക്കണമെങ്കില്‍ നമ്മുടെ നിലവിലുള്ള പാതകളുടെ വളവുകള്‍ നിവര്‍ത്തണം. അത് ഇന്ന് റെയില്‍വേയുടെ
അജണ്ടയില്‍പ്പോലുമില്ല. രാജ്യ ത്ത് അതിവേഗ/അര്‍ദ്ധ അതിവേഗ പാത ശൃംഖലയില്‍ കേരളം ഉള്‍പ്പെടുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് കെ-റെയില്‍പദ്ധതിയെക്കുറിച്ചു കേരളം ആലോചിച്ചത്. റെയില്‍വേയുമായുള്ള സംയുക്തസംരംഭമാണെങ്കിലും മുതല്‍മുടക്കിന്റെയും ബാധ്യതകളുടെയും കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്.

സാമൂഹ്യക്ഷേമ പദ്ധതികള്‍

സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സാമൂഹ്യക്ഷേമചെലവുകള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന വികസനനയമാണ് 1957 തൊട്ടേ കേരളം സ്വീകരിച്ചിട്ടുള്ളത്. 1957 മുതല്‍ നിരവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് വായ്പയെടുക്കുന്ന പണം ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഉപയോഗിച്ചുകൂടായെന്ന ധന ഉത്തരവാദിത്വ നിയമം കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. കേരളമൊഴിച്ചുള്ള മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് ഏതാണ്ട് നടപ്പാക്കികഴിഞ്ഞു.

പശ്ചാത്തലസൗകര്യ പദ്ധതികള്‍

സാമൂഹ്യക്ഷേമചെലവുകളില്‍ ഊന്നിയതു കൊണ്ട് പശ്ചാത്തലസൗകര്യ നിക്ഷേപത്തില്‍ വേത്ര മുതല്‍മുടക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞില്ല. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ് കേരളസര്‍ക്കാര്‍. എന്നാല്‍ സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 3 ശതമാനത്തിനപ്പുറം വായ്പയെടുക്കാന്‍ പാടില്ലായെന്നുള്ള നയം ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ കര്‍ശനമാക്കിയിരിക്കുകയാണ്. സംസ്ഥാന ട്രഷറി സേവിംഗ്സ് ബാങ്കുപോലും നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തെ മറികടന്ന് പശ്ചാത്തലസൗകര്യ വികസനത്തിന് ബജറ്റിനു പുറത്ത് കിഫ്ബി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ ഉപയോപ്പെടുത്തി വായ്പയെടുത്ത് അനിവാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നടപടി നാം സ്വീകരിച്ചു. എന്നാല്‍ ഇതിനെതിരെ സിഎജി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് എന്നു തുടങ്ങിയ ഏജന്‍സികളെ കയറൂരിവിട്ടു. കേന്ദ്രസര്‍ക്കാരിനു നഹായ് (നാഷണല്‍ ഹൈവേ അതോറിറ്റി
ഓഫ്ഇന്ത്യ) പോലുള്ള ഏജന്‍സികള്‍ വഴി ഭീമമായവായ്പകളെടുത്ത് ബജറ്റില്‍ ഉള്‍പ്പെടുത്താതെ പദ്ധതികള്‍ നടപ്പാക്കാം. കേരളം ചെയ്യാന്‍ പാടില്ലായെന്ന അവരുടെ നിലപാട് തിരുത്തപ്പെടേണ്ടതുണ്ട്.

പൊതുമേഖലസ്വകാര്യവല്‍ക്കരണം

കേന്ദ്ര പൊതുമേഖലാ നിക്ഷേപത്തില്‍ കേരളത്തോടുള്ള വിവേചനത്തിനെതിരായി നമ്മള്‍ എന്നും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. കേരളത്തിലെ കേന്ദ്ര നിക്ഷേപം എന്നും 2 ശതമാനത്തില്‍ താഴെയായിരുന്നു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി, എയിംസ് പോലുള്ള ഉന്നതവിദ്യാപീഠങ്ങള്‍ തുടങ്ങിയവയില്ലെല്ലാം വലിയ അവഗണനയാണ് സംസ്ഥാനം നേരിടുന്നത്. ഇന്നിപ്പോള്‍ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന ധൃതിയിലാണു കേന്ദ്രസര്‍ക്കാര്‍. ഈ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുത്തു കൊടുത്തിട്ടുള്ളതു കേരളസര്‍ക്കാരാണ്. എന്നാല്‍ അത്തരമൊരു പരിഗണന സംസ്ഥാനത്തിനു നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. തിരുവനന്തപുരം വിമാനത്താവള വില്‍പ്പനയില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത കാണിച്ച സംസ്ഥാനത്തിന് ഏതെങ്കിലും പ്രത്യേക പരിഗണന നല്‍കാന്‍ കേന്ദ്രം തയ്യാറല്ലായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനമായ കൊച്ചി റിഫൈനറി സംസ്ഥാനത്തിനോടു ചര്‍ച്ച പോലും ചെയ്യാതെ വില്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണു കേന്ദ്രസര്‍ക്കാര്‍.

Also Read: ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; മാർച്ചിങ് ഗാനം എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും

നാണ്യവിളകള്‍

കേരളത്തിന്റെ നാണ്യവിളകള്‍ക്കു വിനയായത് കേന്ദ്രം ഏകപക്ഷീയമായി ഒപ്പിട്ട സ്വതന്ത്ര കരാറുകളാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇതിന്റെ പ്രത്യാഘാതത്തിലാണു നമ്മുടെ കാര്‍ഷികമേഖല. ഈ സ്വതന്ത്ര വ്യാപാര കരാറുകള്‍ രാജ്യത്തിനു വളരെ ഗുണകരമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പക്ഷ സംസ്ഥാനത്തെ നാണ്യവിളകള്‍ക്കു വലിയ തിരിച്ചടിയും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പ്രത്യേക പരിഗണന കേരള ത്തിലെ നാണ്യവിളകൃഷിക്കാര്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. മാത്രമല്ല, റബര്‍ബോര്‍ഡ്, നാളികേരബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് തുടങ്ങിയവയെല്ലാം കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ രീതിയില്‍ പുനസംഘടിപ്പിച്ചുകൊിരിക്കുകയാണ്. കേരളത്തിലെ
റബര്‍കൃഷിക്കാരുടെ വിലപേശല്‍ കഴിവ് ഇനിയും തകര്‍ക്കുന്നതിനുള്ള കരുനീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന റബ്ബറിന്റെ തറവില ഉയര്‍ത്തുന്നതിനും അതിലേക്ക് ഒരുവിഹിതം കേന്ദ്രത്തില്‍ നിന്നും നല്‍കാനും അവര്‍തയ്യാറല്ല.

ജി.എസ്.ടിയും ധനകാര്യകമ്മീഷനും

ജി.എസ്.ടി നഷ്ടപരിഹാരകാലാവധി നീട്ടേണ്ടത് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമാണ്. അതോടൊപ്പം ജി.എസ്.ടിയില്‍ സംസ്ഥാനങ്ങളുടെ വിഹിതം ഉയര്‍ത്തുകയും സംസ്ഥാന ജി.എസ്.ടി നിരക്കുകളില്‍ ചെറിയമാറ്റങ്ങള്‍ വരുത്തുന്നതിനു സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ ജി.എസ്.ടി പുനസംഘടിപ്പിക്കുകയും വേണം. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ധനസഹായത്തില്‍ കേരളത്തിന്റെ വിഹിതം
ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 1995-2000- ത്തില്‍ പങ്കുവയ്ക്കുന്ന നികുതിയുടെ 3.85 ശതമാനം കേരളത്തിനു ലഭി ച്ചിരുന്നു. ഇതു പടിപടിയായി കുറഞ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഇപ്പോള്‍ കേരളത്തിന് 1.92ശതമാനമേ ലഭിക്കുന്നുള്ളൂ. മാനദണ്ഡങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഫലമായിട്ടാണ് ഈ ഇടിവ്. ഇതിനെതിരെ അതിശക്തമായിട്ടുള്ള പ്രതിഷേധം കേരളമടക്കം പല സംസ്ഥാനങ്ങളും ഉയര്‍ത്തിയതിന്റെ ഫലമായി റവന്യുക്കമ്മി നികത്താന്‍ താല്‍ക്കാലികമായി ധനസഹായം ധനകാര്യ കമ്മീഷന്‍ പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 19000 കോടിരൂപ ലഭിച്ചു. ഇതു ക്രമേണ കുറഞ് 2024-ഓടെ ഇല്ലാതാകുന്ന സ്ഥിതിയാണ്.

പദ്ധതി ധനസഹായം

പഞ്ചവത്സര പദ്ധതികള്‍ അവസാനിപ്പിച്ചതും സംസ്ഥാനത്തിനു തിരിച്ചടിയായി. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പദ്ധതി ധനസഹായം സംസ്ഥാനങ്ങള്‍ക്കു ലഭിക്കുമായിരുന്നു. പദ്ധതി അവസാനിപ്പിച്ചതോടെ അതും അവസാനിച്ചു. ഈ ഭീമമായ തുക മുഴുവന്‍ ഇന്ന് കേന്ദ്രധന മന്ത്രലയം ഏകപക്ഷീയമായി ബജറ്റിലൂടെ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തുകയാണ്. ഒന്നാം പ്ലാനിങ് കമ്മീഷന്റെ ഗാഡ്ഗില്‍ ഫോര്‍മുല
പോലുള്ള മാനദണ്ഡങ്ങളും സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളുമെല്ലാം അവസാനിച്ചു. ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന തുക തന്നിഷ്ടപ്രകാരം കേന്ദ്രധനമന്ത്രലയം തീരുമാനിക്കുകയാണ്. ഇതില്‍ കേരളത്തിനു ന്യായമായ വിഹിതം ലഭിക്കുന്നില്ല. പ്രളയകാലത്ത് കേരളത്തിന് അര്‍ഹമായസഹായം നല്‍കിയില്ലെന്നു മാത്രമല്ല, യുഎഇ പോലുള്ള സൗഹൃദരാജ്യങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്ന സഹായം കേന്ദ്രസര്‍ക്കാര്‍
നിഷേധിക്കുകയും ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അടങ്കലിന്റെ 2 ശതമാനത്തോളമേ സംസ്ഥാനത്തിനു ലഭിക്കുന്നുള്ളൂ. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനത്തിന്റെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഗുണഭോക്താക്കള്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങള്‍ മുഴുവന്‍ സംസ്ഥാന ഖജനാവില്‍ വരാതെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ബാങ്കുവഴി കൊടുക്കാനുള്ള ഏര്‍പ്പാടുകളും തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍നിന്നു വിരുദ്ധമായിട്ടുള്ള ബദല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനാണ് കേരളത്തില്‍ നാം ശ്രമിക്കുന്നത്. സ്വാഭാവികമായി കേന്ദ്രനയങ്ങളുമായിട്ട് പൊരുത്തക്കേടുകള്‍ ഉണ്ടാവുക അനിവാര്യമാണ്. ഈ പശ്ചാ ത്തലത്തില്‍ കേന്ദ്രനയങ്ങളെക്കുറിച്ചും കേരളത്തോടുള്ള വിവേചനത്തെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയകടമയാണ്. കേരളത്തിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭ പ്രചാരണത്തിന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News