കാസർഗോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വിൽപ്പന നടത്തി ഡിവൈഎഫ്ഐ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കുന്നു. അഴിത്തല ബീച്ചിൽ നിർമ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവ്വഹിച്ചു.
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സന്ദേശമായ ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷ്യൻ’ ഉയർത്തിയാണ് കഴിഞ്ഞ പരിസ്ഥിതി ദിനം മുതൽ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ക്യാമ്പയിന് തുടക്കം കുറിച്ചത്.
പുഴയും പൊതു സ്ഥലങ്ങളും വീടുകളും കേന്ദ്രീകരിച്ച് കാസർകോഡ് ജില്ലയിലെ 1633 യൂണിറ്റുകളിലും ഒക്ടോബർ 21 നാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണം ആരംഭിച്ചത്. മാലിന്യ നിർമ്മാർജ്ജനത്തിൽ നിന്നും മാനവിക കേന്ദ്രം എന്ന സന്ദേശവുമായാണ് വളർന്നു വരുന്ന ടൂറിസം കേന്ദ്രമായ നീലേശ്വരം അഴിത്തല ബീച്ചിൽ വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്. ഡിവൈഎഫ്ഐ സ്ഥാപകദിനത്തിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവ്വഹിച്ചു.
വിശ്രമമുറി, ടീ സ്റ്റാൾ, ലൈബ്രറി, മൊബൈൽ ചാർജ്ജിംഗ് പോയിൻ്റ്, മുലയൂട്ടൽ കേന്ദ്രം, ശുചിമുറി എന്നീ സൗകര്യങ്ങൾ വിശ്രമ കേന്ദ്രത്തിലുണ്ടാവും. നിർമ്മാണം പൂർത്തീകരിച്ച ശേഷം നീലേശ്വരം നഗരസഭയ്ക്ക് കൈമാറും. പ്ലാസ്റ്റിക് മാലിന്യ ശേഖരണം ഡിവൈഎഫ്ഐ തുടർപ്രവർത്തനമായി ഏറ്റെടുക്കും. അഴിത്തലയിൽ ബിജെപി – യുവമോർച്ച ബന്ധമുപേക്ഷിച്ച് ഡിവൈഎഫ്ഐയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച 32 പേരെ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here