ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരണപ്പെട്ടു. ഡി വൈ എഫ് ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി രജീഷ്, മറ്റൊരു ഡി വൈ എഫ് ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. വളവനാട് പ്രീതികുളങ്ങരയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ കലുങ്കിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. കാറിൽ നാല് പേർ ഉണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട പൊതുപ്രവർത്തകനായിരുന്നു എം രജീഷ്. ജീവകാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നു. ഡി വൈ എഫ് ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയായ രജീഷ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനെന്ന നിലയിൽ ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്വന്തം ഡിവിഷനിൽ “ഉയരെ’ എന്ന ടാലന്റ് സെർച്ച് ലാബ് പദ്ധതി നടപ്പാക്കിയിരുന്നു. എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്താനും കരിയർ ലക്ഷ്യമിട്ട് മുന്നേറാനും സഹായിക്കുന്ന പദ്ധതിയായിരുന്നു. ചലച്ചിത്രതാരം ടൊവിനോ തോമസായിരുന്നു 2023ൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്‌തത്.
ലോക്ക്ഡൌൺ കാലത്ത് ഓൺലൈൻ പഠനത്തിന് ടിവി, മൊബൈൽഫോൺ, ലാപ്ടോപ്പ് എന്നിവ കുട്ടികൾക്ക് സമാഹരിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ സിഎഫ്എൽടിസിയുടെ ചുമതലയും ഏറെക്കാലം നിർവഹിച്ചിരുന്നു. വളവനാട് ബെന്നി സ്‌മാരക പാലിയേറ്റീവ് സൊസൈറ്റിയുടെ സജീവപ്രവർത്തകനായിരുന്നു. പ്രളയകാലത്ത് പൊള്ളേത്തൈ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല വഹിച്ചതും രജീഷായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here