വെനസ്വേലയിൽ നടക്കുന്ന ഫാസിസത്തിനെതിരായ ലോക പാർലമെന്‍ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ മുന്നോറോളം എംപിമാർക്കാണ് വെനസ്വേല സർക്കാർ നടത്തുന്ന ഈ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയും വെനസ്വേലയും ചേരിചേരാ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം തുടർന്നു വരുന്നതും നിരവധി അന്താരാഷ്ട്ര ഫ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്.
എന്നിട്ടും ഇന്ത്യയിലെ പാർലമെന്‍റ് അംഗമായ ഡോ. വി ശിവദാസന് വെനസ്വേലയിലെ ഈ പരിപാടിയിൽ പങ്കെടുത്ത് ഇന്ത്യയുടെ ശബ്ദമായി മാറാനും, പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രാതിനിത്യം ഉറപ്പു വരുത്താനുമുള്ള അവസരം നിഷേധിച്ചത് കേന്ദ്ര സർക്കാരിന്‍റെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നതെന്നും ഡിവൈഎഫ്ഐ പുറത്ത് വിട്ട പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ ഭരണകൂടത്തിന്‍റെ വർഗ്ഗീയ-ഫാസിസ്റ്റ് സ്വഭാവം ഇത്തരം അന്താരാഷ്ട്ര വേദികളിൽ തുറന്നു കാട്ടപ്പെടുമോ എന്ന ഭയമാണ് നരേന്ദ്രമോദി സർക്കാറിനുള്ളത്. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു. ഡോ.വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാറിന്‍റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here