കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് നോമിനികളെ നിയമിക്കാനുള്ള ചാന്‍സലറുടെ നടപടിയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്‌ഐ

കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് സര്‍വകലാശാല നിര്‍ദ്ദേശിച്ചതും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരുമായ വ്യക്തികളെ വെട്ടിമാറ്റി ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും നോമിനികളെ തിരുകി കയറ്റിയ ചാന്‍സലറായ ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധവും സര്‍വകലാശാലയെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗവുമാണ്.

നേരത്തെ കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളില്‍ സമാനമായ രീതിയില്‍ ആര്‍.എസ്.എസ് നോമിനികളെ ചാന്‍സലര്‍ തിരുകി കയറ്റിയിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്കും ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാരുകാരെ തിരുകി കയറ്റിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി സര്‍വകലാശാല നല്‍കിയ ശുപാര്‍ശ പാടെ അട്ടിമറിച്ചാണ് ചാന്‍സലര്‍ സെനറ്റിലേക്ക് ആര്‍.എസ്.എസുകാരെയും കോണ്‍ഗ്രസുകാരെയും കുത്തി നിറച്ചത്.

മാധ്യമ മേഖലയില്‍ നിന്ന് സര്‍വകലാശാല ശുപാര്‍ശ ചെയ്ത പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, വെങ്കടേഷ് രാമകൃഷ്ണന്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ കൃഷ്ണദാസ് എന്നിവരെ ഒഴിവാക്കി പകരം ബിജെപി പത്രം ജന്മഭൂമിയുടെ ലേഖകനെയാണ് ചാന്‍സലര്‍ നോമിനേറ്റ് ചെയ്തത്. അഭിഭാഷക മണ്ഡലത്തില്‍ നിന്ന് ഉള്‍പ്പെടുത്തിയത് സംഘപരിവാര്‍ നേതാവ് കെ കരുണാകരന്‍ നമ്പ്യാരെയാണ്. കായിക മേഖലയില്‍ നിന്ന് പ്രശസ്ത കായിക താരങ്ങളായ സി.കെ വിനീത്, കെ.സി ലേഖ, എസ്.എന്‍ കോളേജ് കായിക വിഭാഗം മുന്‍ മേധാവി പ്രൊഫ. പി.കെ ജഗന്നാഥന്‍ എന്നിവരെ സര്‍വകലാശാല ശുപാര്‍ശ ചെയ്തപ്പോള്‍ അവരെ ഒഴിവാക്കി കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയെയാണ് നോമിനേറ്റ് ചെയ്തത്. വ്യവസായ മണ്ഡലത്തില്‍ നിന്ന് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് സി.എം.ഡി പി.കെ മായന്‍ മുഹമ്മദിനെ തഴഞ്ഞ് ആര്‍എസ്എസ് സഹയാത്രികനായ മഹേഷ്ചന്ദ്ര ബാലിഗെയെ ഉള്‍പ്പെടുത്തി.സര്‍വകലാശാല ശുപാര്‍ശ ചെയ്ത രണ്ട് പേരെ മാത്രമാണ് ചാന്‍സലര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Also Read : 2024ലെ മികച്ച ലൈവ് കമന്റേറ്റർക്കുളള നാഷണൽ ഫിലിം അക്കാദമി പുരസ്കാരം ഡോ. പ്രവീൺ ഇറവങ്കരക്ക്

ഇത്തരത്തില്‍ ജനാധിപത്യ വിരുദ്ധമായും സര്‍വകലാശാല നിയമങ്ങളെ കാറ്റില്‍ പറഞ്ഞിയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനും തകര്‍ക്കാനുമാണ് ചാന്‍സലര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭം ഉയര്‍ന്നു വരും.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാര്‍ – കോണ്‍ഗ്രസ് സില്‍ബന്തികളെ തിരുകി കയറ്റിയ ചാന്‍സലറുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News