കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചതായി റിപ്പോർട്ടുകൾ. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നിലയിലാണ് വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലേക്ക് എത്തുന്നത് എന്നാണ് വാർത്തകൾ. വന്ദേഭാരത് ട്രെയിനുകള്‍ വാര്‍ത്തകളില്‍ ഇടംനേടുമ്പോൾ മെട്രോമാൻ ഇ ശ്രീധരന്റെ അഭിപ്രായം ഇപ്പോൾ ചർച്ചയാകുകയാണ്. കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ പ്രായോഗികതയെക്കുറിച്ചായിരുന്ന ഇ. ശ്രീധരന്റെ അഭിപ്രായം.
വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ ഓടിക്കാന്‍ കഴിയുമെങ്കിലും ഗുണമുണ്ടാകില്ലെന്നായിരുന്നു ശ്രീധരൻ അഭിപ്രായപ്പെട്ടത്. കേരളത്തിലുള്ള ട്രാക്കുകള്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ അനുയോജ്യമല്ല. നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നതെങ്കിലും പരമാവധിയില്‍ നിന്ന് 10 കിലോമീറ്റർ വേഗത കുറച്ചെ ഓടിക്കാന്‍ കഴിയു. അതായത് 90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് അടക്കുമള്ള ഒരു ട്രെയിനിനും കേരളത്തില്‍ ഓടാന്‍ കഴിയില്ല. അപ്പോള്‍ 160 കിമി വേഗത്തില്‍ ഓടാന്‍ കഴിയുന്ന ട്രെയിനിനെ കേരളത്തില്‍ കൊണ്ട് വന്നിട്ട് ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നായിരുന്നു ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നത്. വന്ദേഭാരത് കൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും പ്രചാരണവും മേനിനടിക്കലും മാത്രമെ ഈ നീക്കം കൊണ്ട് നടക്കുവെന്നും മെട്രോമാൻ പറഞ്ഞിരുന്നു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഇ ശ്രീധരന്റെ അഭിപ്രായം വന്ദേഭാരതിനെ രാഷ്ട്രീയ നേട്ടമാക്കാൻ ഉദ്ദേശിക്കുന്നവരെ പ്രതിരോധത്തിലാക്കുമെന്ന് തീർച്ചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here