തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56 നാണ് രണ്ടു ജില്ലകളിലെയും വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ തന്നെയാണ് 24 മണിക്കൂര്‍ തികയും മുമ്പേ വീണ്ടും ഭൂചലനമുണ്ടായത്. അതേസമയം തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ കുന്നംകുളം, എരുമപ്പെട്ടി, വടക്കാഞ്ചേരി കേച്ചേരി, വേലൂര്‍, കൈപ്പറമ്പ് മേഖലകളിലാണ് ഞായറാഴ്ച പുലര്‍ച്ചെ 3.56 ന് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയിലെ തൃത്താല, ആനക്കര, തിരുമിറ്റക്കോട് ഭാഗങ്ങളിലും ഇതേ സമയത്തു തന്നെ ഭൂചലനമുണ്ടായി. മൂന്നു മുതല്‍ നാലു സെക്കന്റുവരെ ഭൂമികുലുക്കം അനുഭവപ്പെട്ടതായും ഭൂമിക്കടിയില്‍ നിന്നും ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് കുന്നംകുളം ആര്‍ത്താറ്റ് മേഖലയില്‍ പ്രകാശന്‍ എന്നയാളുടെ വീടിന് വിള്ളല്‍ ഉണ്ടായിരുന്നു.
ഇന്നത്തെ ഭൂമി കുലുക്കത്തില്‍ വിള്ളലിന്റെ വ്യാപ്തി വര്‍ദ്ധിച്ചിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് ജനല്‍ ചില്ല് ഇളകി വീണതായും വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 8.15നാണ് ഇതേ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച രാവിലെ ഉണ്ടായത്. പാവറട്ടിക്ക് സമീപം വെണ്‍മേനാട് എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നും കണ്ടെത്തിയിരുന്നു. ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here