സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു; കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ചാമരാജനഗര്‍ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന സ്വാമിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ കര്‍ണാടക മന്ത്രി വി. സോമനയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് വി. സോമനയ്‌ക്കെതിരെ കേസെടുത്ത കാര്യം അറിയിച്ചത്. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിലവില്‍ ബിജെപി എംഎല്‍എയും കര്‍ണാടക ഭവന, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയുമാണ് സോമന. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാമരാജനഗറില്‍ നിന്നാണ് സോമന മത്സരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ മത്സരിക്കുന്ന ജെഡിഎസ് സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന സ്വാമിയോട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സോമന ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വാഹനവും പണവുമായിരുന്നു സോമന വാഗ്ദാനം ചെയ്തത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

സോമനയ്‌ക്കെതിരെ ഐപിസി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം ചാമരാജനഗറിലെ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News