സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഇഡി കേസ്, വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ പ്രതിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടക്കും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതിയായ റൗഫ് ഷെരീഫാണ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഭൂരിഭാഗം സാക്ഷികളും കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റൗഫ് ഷെരീഫ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യം അധ്യക്ഷനായ ബെഞ്ച് റൗഫിന്റെ ആവശ്യം തള്ളുകയായിരുന്നു. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതിന് എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലാകുന്നത്. 2020-ലായിരുന്നു ഈ സംഭവം. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും കലാപം സൃഷ്ടിക്കാനാണ് കാപ്പനും കൂട്ടരും ഹത്രാസിലേക്ക് എത്തിയതെന്നുമായിരുന്നു പൊലീസിന്റെ വാദം. തുടര്‍ന്ന് ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ നിയമം ചുമത്തി.

സിദ്ദിഖ് കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 4,500 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ രണ്ട് വര്‍ഷവും മൂന്ന് മാസങ്ങള്‍ക്കും ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News