എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേന്ദ്ര ഏജന്‍സിയുടെ ഓഫീസും അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വസതിയും തമിഴ്‌നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ആദ്യമായാണ് തമിഴ്‌നാട്ടില്‍ ഒരു ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിലായ അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; എതിർപ്പ് രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല
ഇതിനകം തന്നെ പരിഹരിച്ച ഒരു കേസില്‍ നിയമപരമായ നടപടികള്‍ ഒഴിവാക്കാന്‍ മൂന്നു കോടിയാണ് തിവാരി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് മൂന്നു കോടി ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് അമ്പത്തൊന്നു ലക്ഷമാക്കി കുറച്ചു. മേലുദ്യോഗസ്ഥന്മാരുമായി സംസാരിച്ചാണ് തുക കുറച്ചതെന്നും ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു.
ഇതോടെ ആദ്യ ഗഡുവായി 20 ലക്ഷം രൂപ തിവാരി കൈപ്പറ്റി. ബാക്കി തുകയ്ക്കായി ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കാന്‍ ആരംഭിച്ചതോടെ ഇയാള്‍ വിജിലന്‍സിന് പരാതി നല്‍കി. തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്.
ALSO READ: യുഎസിൽ തോക്കുപയോഗിച്ചുള്ള ആത്മഹത്യകൾ റെക്കോർഡ് നിലയിൽ: സി ഡി സി
ഇഡി അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരും ഇഡിയും മദ്രാസ് ഹൈക്കോടതിയില്‍ പരസ്പരം പോരടിക്കുന്നതിനിടയിലാണ് ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. അനധികൃത മണല്‍ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡി സമന്‍സ് അയച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here