ഡോക്ടർമാർ അരികിലുണ്ട്; ഇടമലക്കുടിക്ക് ഇത് സ്വപ്നസാക്ഷാത്ക്കാരം

കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിക്ക് സ്വപ്ന സാക്ഷാത്ക്കാരം. ഇടമലക്കുടിയിൽ കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമായി. മുതുവാൻ ഗോത്ര വിഭാഗത്തിലെ ജനങ്ങൾ താമസിക്കുന്ന 26 കുടികളാണ് ഇടമലക്കുടിയിലുള്ളത്. 1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എട്ടു സ്ഥിരം ജീവനക്കാരുടെയും നാലു താൽക്കാലിക ജീവനക്കാരുടയും സേവനം ആശുപത്രിയിൽ ലഭ്യമാകും.

മൂന്നു സ്ഥിര ഡോക്ടർമാർ, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റന്റഡർ, നഴ്സിംഗ് അസിസ്റ്റന്റ്, ഓഫീസ് ക്ലാർക്ക് എന്നിവരെ നിയമിച്ചു. ലാബ് ടെക്നീഷ്യനെ ഉടൻ നിയമിക്കും. കൂടാതെ നാലു താത്ക്കാലിക സ്റ്റാഫ് നഴ്സുമാരെയും നിയമിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ ചികിത്സയോടൊപ്പം, ലാബ് പരിശോധനകൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, കുട്ടികളുടെ കുത്തിവെയ്പ്പ് എന്നിവ ലഭ്യമാക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ ചികിത്സയ്ക്കായി മൂന്നാറിൽ എത്തിക്കുന്നതിനായി ഫോർ വീൽ ഡ്രൈവുള്ള ജീപ്പും നൽകി. ജീവനക്കാർക്ക് ഇടമലക്കുടിയിൽ താമസിക്കുന്നതിനായി ക്വാർട്ടേഴ്‌സ് സംവിധാനം ഉറപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇടമലക്കുടിക്ക് പ്രത്യേക പ്രൊജക്ടിലൂടെ വൈദ്യുതി എത്തിക്കാനായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യ രണ്ടു വർഷത്തിനുള്ളിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി സ്ഥിരം ജീവനക്കാരെ നിയമിച്ചുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ആദിവാസികൾ മാത്രം താമസിക്കുന്ന ഇടമലക്കുടി, മൂന്നാർ ടൗണിൽനിന്ന് 36 കിലോമീറ്റർ വടക്ക് മാറി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കൊടും വനത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയൊരു മികച്ച ആരോഗ്യ കേന്ദ്രം ഒരുക്കുക എന്നത് ദീർഘകാല സ്വപ്നമായിരുന്നു. പെട്ടിമുടിയിൽനിന്ന് 20 ലധികം കിലോമീറ്റർ കാൽനടയായാണ് ആരോഗ്യപ്രവർത്തകർ നേരത്തെ ഇടമലക്കുടിയിൽ കുട്ടികളുടെ കുത്തിവെയ്പ്പ് ഉൾപ്പടെയുള്ള പ്രവർത്തങ്ങൾക്കായി എത്തിയിരുന്നത്. കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ ഇടമലക്കുടിക്കാരുടെ ദുരിതത്തിന് ഒരുപരിധിവരെ അറുതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News