മുന്നിൽ നിന്ന് നയിച്ച് പിന്നണിയിലായി? മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ.!

maharashtra politics

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചെങ്കിലും പിൻസീറ്റിലേക്ക് തള്ളപ്പെട്ട നിരാശയിലാണ് ഏക്‌നാഥ് ഷിൻഡെ. അധികാരം  പരിമിതമായതോടെ ഡിസംബർ 11 നടക്കുന്ന മന്ത്രിസഭാ വികസനത്തിൽ വകുപ്പുകളുടെ ന്യായമായ വിഹിതം ലഭിച്ചില്ലെങ്കിൽ ഷിൻഡെയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാകും.  

മുഖ്യമന്ത്രിപദം ബിജെപി കൈയ്യടക്കിയപ്പോൾ പകരം ആഭ്യന്തരമാണ് ഷിൻഡെ ആവശ്യപ്പെട്ടത്. എന്നാൽ ദില്ലിയിൽ നടന്ന ചർച്ചയിൽ അമിത് ഷാ വല്യേട്ടൻ കളിച്ചതോടെ നിരാശനായാണ് ഷിൻഡെ മടങ്ങിയത്. തുടർന്ന് നിർണായക യോഗങ്ങൾ റദ്ദാക്കി ഷിൻഡേ അതൃപ്തി പരസ്യമാക്കി. 

ALSO READ: ഡ്രൈവര്‍ക്ക് വയറ്റില്‍ വെടിയേറ്റു; വണ്ടിയോടിച്ചത് കിലോമീറ്ററുകള്‍, രക്ഷിച്ചത് 15 ജീവനുകള്‍!

ദേവേന്ദ്ര ഫഡ്നാവിസിന് കീഴിൽ  ഉപമുഖ്യമന്ത്രിയാകില്ലെന്ന നിലപാടിൽ ചർച്ചക്ക് പോലും മുഖം കൊടുക്കാതെ 10 ദിവസത്തോളമായിരുന്നു ബിജെപിയെ ഷിൻഡെ വട്ടം കറക്കിയത്. സത്യപ്രതിജ്ഞ ഏകപക്ഷീയമായി പ്രഖ്യാപിച്ചും അജിത് പവാറിനെ വകുപ്പ് ചർച്ചകൾക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചും  ബിജെപിയും സമ്മർദ്ദ തന്ത്രം പ്രയോഗിച്ചു. ഇതാണ് ഷിൻഡെയെ വെട്ടിലാക്കിയത്. അധികാരമോഹികളായ  എംഎൽഎമാർ ഷിൻഡെയുടെ നിലപാടിനെ പിന്തുണച്ചില്ല. മന്ത്രിസഭയുടെ ഭാഗമായില്ലെങ്കിൽ ഷിൻഡെയുടെ പ്രഭാവത്തിന് മങ്ങലേൽക്കുമെന്ന് പറഞ്ഞായിരുന്നു അവർ അദ്ദേഹത്തെ അനുനയിപ്പിച്ചത് .   

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും വകുപ്പുകളുടെ ന്യായമായ വിഹിതം ലഭിക്കാൻ കടമ്പകൾ ഏറെയാണ്. സഖ്യത്തിൽ അജിത് പവാറിൻ്റെ വർധിച്ചു വരുന്ന സ്വാധീനവും ഷിൻഡെക്ക് തലവേദനയാകും. മന്ത്രിസഭയിൽ അധികാരം പരിമിതമായതോടെ കൂടെയുള്ള എംഎൽഎമാർക്ക്  നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയുമോ എന്നതും ഇനി കണ്ടറിയണം. ഡിസംബർ പതിനൊന്നിനാണ് മന്ത്രിസഭാ വികസനം. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News