എല്‍ നിനോ പ്രതിഭാസത്തിന്റെ തിരിച്ച് വരവ് ലോക കാലാവസ്ഥയെ തകിടം മറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍ നിനോ വീണ്ടും വരുന്നതോടെ 2023ല്‍ ലോകം അനുഭവിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത റെക്കോഡ് ചൂടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച മഴ ലഭിക്കുന്ന മണ്‍സൂണിന്റെ ശക്തി പകുതിയായെങ്കിലും എല്‍ നിനോ കുറക്കും. സാധാരണ മണ്‍സൂണില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ കേരളത്തില്‍ പോലും എല്‍ നിനോ കാലഘട്ടത്തില്‍ വരള്‍ച്ച നേരിടാറുണ്ട്. ഇപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങളെക്കുറിച്ച് കാലാവസ്ഥാ ഗവേഷകര്‍ പോലും മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മഴ കനിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന വര്‍ഷം കേരളത്തെയും ഇന്ത്യയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ലോകത്തു കാണപ്പെടുന്നതില്‍ ഏറ്റവും ശക്തമായ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ലാ നിനോയും എല്‍ നിനോയും. പസിഫിക്കിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍ നിനോ എന്ന പ്രതിഭാസം. ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി ഇവ മാറ്റും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട വാണിജ്യ വാതങ്ങള്‍ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് ഭൂമിയിലെ എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ തകിടം മറിക്കും. ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറെ മേഖലയില്‍ മാത്രം കനത്ത മഴയ്ക്കും മറ്റെല്ലാ പ്രദേശങ്ങളിലും കടുത്ത വരള്‍ച്ചയ്ക്കും എല്‍ നിനോ കാരണമാകും. വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ മേഖലയില്‍ രൂക്ഷമായ ചുഴലിക്കാറ്റുകള്‍ക്കും ഈ പ്രതിഭാസം കാരണമാകാറുണ്ട്. ഈ വര്‍ഷം അല്ലെങ്കില്‍ അടുത്തവര്‍ഷം ലോകം കടുത്ത വരള്‍ച്ചയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പസഫിക് സമുദ്രത്തില്‍ മൂന്നുവര്‍ഷം നിലനിന്ന ലാ നിന ആഗോള താപനത്തിന് ആശ്വാസമായിരുന്നു. എന്നാല്‍ എല്‍നിനോ വീണ്ടുമെത്തുന്നത് അത്യുഷ്ണവുമായാണ്.
എല്‍ നിനോ സാധാരണ ആഗോള വ്യാപകമായി അന്തരീക്ഷ മര്‍ദ്ദം കുത്തനെ ഉയര്‍ത്തുന്നതാണ് പതിവ്. 2023ലാണോ 2024ലാണോ ഇത് സംഭവിക്കുകയെന്ന് അറിയില്ലന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന സേവന വിഭാഗം ഡയറക്ടര്‍ കാര്‍ലോ ബ്വേന്‍ടെംപോ പറഞ്ഞു. യൂറോപ്പ് ഏറ്റവും ചൂടുള്ള വേനല്‍ അനുഭവിച്ചത് 2022ലാണ്. എന്നാല്‍, ഇതേ വര്‍ഷമാണ് പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സമ്മാനിച്ച പ്രളയവും പേമാരിയുമുണ്ടാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സാധാരണ നിലയിലുള്ള കാലാവസ്ഥയെ അപേക്ഷിച്ച് 1.2 ഡിഗ്രി കൂടുതലാണ് ലോകത്ത് ശരാശരി താപ നിരക്ക്.
ആഗോള വ്യാപകമായി 2016ലാണ് നിലവില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. എല്‍ നിനോ പ്രതിഭാസത്തിന്റെ വലിയ സാന്നിധ്യമായിരുന്നു കാരണം. എന്നാല്‍, ഈ പ്രതിഭാസമുണ്ടാകാത്ത വര്‍ഷങ്ങളിലും ലോകം കടുത്ത ചൂടിന്റെ പിടിയിലായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here