കേന്ദ്രധനകാര്യമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എളമരം കരിം എം പി. കേന്ദ്ര നികുതി വിഹിത കണക്കുകള്‍ വാസ്തവ വിരുദ്ധമാണ്. കേരളത്തിന്റെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണമെന്നും കേരളത്തിന് 1.9 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം അനുവദിക്കുന്നില്ല. ഭരണഘടനാ വിരുദ്ധമായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സെസും സര്‍ച്ചാര്‍ജും 28 ശതമാനമാണ് കേന്ദ്രം ഉയര്‍ത്തിയതെന്നും ജി എസ് ടി ആക്ട് അനുസരിച്ച് നഷ്ടം നികത്തുന്നത് ഔദാര്യമല്ല മറിച്ച് അത് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് നല്‍കുന്നതും ഔദാര്യമല്ല. കേന്ദ്ര ഗ്രാന്റുകള്‍ വര്‍ദ്ധിച്ചു എന്ന് പറയുന്നതും തെറ്റാണ്. ഇക്കാര്യങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷങ്ങളെ അനുവദിക്കുന്നില്ല. കൂടാതെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചു. സാമൂഹ്യക്ഷേമ പദ്ധതികളെ തകര്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തിന്റെ സമരത്തിന് വലിയ പിന്തുണ ലഭിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് തെറ്റായ കണക്കുകള്‍ വച്ചതെന്നും എളമരം കരീം വ്യക്തമാക്കി.
കേരളം നേടിയ നേട്ടങ്ങള്‍ക്ക് ശിക്ഷിക്കപ്പെടണോ? എന്ന് ചോദിച്ച എംപി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആണ് വിഹിതമെങ്കില്‍ വീണ്ടും തിരിച്ചടിയാകുമെന്നും പറഞ്ഞു. കേരളത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉന്നയിക്കുന്നില്ല. അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറ്റ് പേപ്പര്‍ രാഷ്ട്രീയ പ്രചരണ ആയുധം മാത്രമാണ്. എം പിമാരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി നല്‍കില്ല. തന്നെയുമല്ല കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഒരു ഡാറ്റയും ഇല്ല. ധനമന്ത്രി മണിക്കൂറോളം സംസാരിക്കുന്നുണ്ടെങ്കിലും എംപിമാര്‍ക്ക് സമയം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here