എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ സുരക്ഷാ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐജി പി. വിജയന് സസ്‌പെന്‍ഷന്‍. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ സൂക്ഷിക്കേണ്ട രഹസ്യവിവരങ്ങള്‍ ചോര്‍ന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്വേഷണവുമായി ബന്ധമില്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ഐജി ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട പൊലീസിന്റെ അന്വേഷണ വിഭാഗമാണെന്നും അതിലെ ഉദ്യോഗസ്ഥനെതിരെയുള്ള മേല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എഡിജിപി കെ.പത്മകുമാറിനെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് തുടക്കത്തില്‍ അന്വേഷിച്ചത് കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു. ഇതിന്റെ ചുമതലയില്‍ ഐജി പി. വിജയനായിരുന്നു. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ആ സമയത്ത് പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്നു ഐജി പി. വിജയന്‍. ഈ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ നീക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here