803 നിയമസഭാ സീറ്റുകൾ; 2023 ൽ നടക്കുന്നത് രാജ്യസഭയിൽ നിർണായകമാകുന്ന തെരഞ്ഞെടുപ്പുകൾ

രാഹുല്‍  ആര്‍

കർണാടക ജനവിധിക്ക് പിന്നാലെ 2023 ൽ അഞ്ചുസംസ്ഥാനങ്ങളിൽ കൂടി ഈവർഷം തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌, തെലങ്കാന, മിസോറം സംസ്ഥാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പേ നടക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പുകൾ കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണ്ണായകമാണ്.

ദേശീയരാഷ്ട്രീയത്തിൽ തന്നെ ചലനമുണ്ടാക്കുന്ന തെരഞ്ഞെടുപ്പുകൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. അഞ്ചുസംസ്ഥാനങ്ങളിലായി അറുന്നൂറോളം നിയമസഭാ സീറ്റുകളുള്ളതിനാൽ ഭാവിയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഈ സ്ഥാനത്തെ ഫലങ്ങൾ നിർണായകമാണ്. കർണാടക കൂടി പട്ടികയിൽ ഉൾപ്പെടുത്തിയാൽ സീറ്റുകളുടെ എണ്ണം 803 ആയി മാറും. അതു കൊണ്ട് തന്നെയാണ് ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എല്ലാം തന്നെ നിർണ്ണായകമായി മാറുന്നത്.

ജമ്മു കശ്മീരിലും എത്രയും വേഗം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികൾ രംഗത്തുണ്ട്. അവിടെയും തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാൻ സാധ്യതയുണ്ട്.

സംസ്ഥാനങ്ങളും സീറ്റുകളുടെ എണ്ണവും

മധ്യപ്രദേശ് -230

രാജസ്ഥാൻ – 200

തെലങ്കാന – 119

ഛത്തീഡ്ഗഢ് – 90

മിസോറം – 40

ആകെ സീറ്റുകൾ – 579

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ബിജെപിക്കും കോൺഗ്രസിനും ജീവൻമരണ പോരാട്ടമായി മാറും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ. ഛത്തീസ്ഗഢും രാജസ്ഥാനും കോൺഗ്രസ് ഭരിക്കുമ്പോൾ മധ്യപ്രദേശിൽ അവർക്ക് ഇടയ്ക്കുവെച്ച് അധികാരം കൈവിട്ട് പോയി. 2018ലെ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎൽ.മാർ രാജിവെച്ചതോടെ 2020ൽ ശിവരാജ് പിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ മധ്യപ്രദേശിൽ അധികാരത്തിൽ എത്തുകയായിരുന്നു.

കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. നിലവിലെ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് നയിക്കുന്ന സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുന്നത് സ്വന്തം പാർട്ടിക്കാരനായ സച്ചിൻ പൈലറ്റാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളികൾക്കൊപ്പം സച്ചിൻ പൈലറ്റ് ഉയർത്തുന്ന വെല്ലുവിളികളെയും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് നിലവിൽ സംസ്ഥാനത്ത് കോൺഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration