തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന് വഴിപാടുകളുമായി ആനപ്രേമികള്‍. ഇടുക്കി കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ ഒരു മൃഗസ്‌നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘അരിക്കൊമ്പന്‍- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതില്‍ നല്‍കിയിരിക്കുന്നത്. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍.
ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തെ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയത് മുതല്‍ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതല്‍ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സന്തോഷ് പറയുന്നത്.
അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലില്‍ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ച് കുടികളിലുള്ളവരായിരുന്നു സമരത്തിലുണ്ടായിരുന്നത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ വീണ്ടും നടപടികള്‍ ഉണ്ടായാല്‍ സമരം ശക്തമാക്കുമെന്നാണ് ഇവര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here