ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാൽ ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്ന് മസ്ക് എക്സിൽ കുറിച്ചു. പ്യൂർട്ടോറിക്കോയിലെ തെരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചാണ് മസ്ക് എവിഎം മെഷീനുകൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിയുടെ വിജയങ്ങളിൽ പലയിടത്തും ഇവിഎം മെഷീനുകൾ ചൊല്ലി പ്രശ്നങ്ങൾ നിലനിൽക്കെയാണ് മസ്കിന്റെ പരാമർശവും പുറത്തുവരുന്നത്. നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മസ്ക് പറഞ്ഞു. എന്നാൽ ഈ വാർത്ത വന്നത് മുതൽ തിരുവന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ ആശങ്കയിലാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിനുള്ള കാരണവും രാജീവിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ പറയുന്നുണ്ട്.
‘സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ്വെയറുകൾ നിർമിക്കാൻ ആർക്കും കഴിയില്ലെന്നു കരുതുന്നത് തെറ്റാണ്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചുള്ള വോട്ടിങ് മെഷീനുകളുടെ നിർമാണത്തിന് സാധാരണ കംപ്യൂട് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന യുഎസിനെയും മറ്റിടങ്ങളെയും സംബന്ധിച്ച് മസ്കിന്റെ വീക്ഷണം ശരിയായിരിക്കും. എന്നാൽ ഇന്ത്യൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സുരക്ഷിതമായി രൂപപ്പെടുത്തിയെടുത്തതാണ്. ഇതിൽ ഇന്റർനെറ്റോ ബ്ലൂടൂത്തോ വൈഫൈയോ മറ്റെന്തെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ല.
‘കൃത്രിമം നടത്താൻ സാധ്യമല്ലാത്ത വിധം നിർമാണ വേളയിൽത്തന്നെ സന്നിവേശിപ്പിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് ഇവിഎമ്മുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലേതുപോലെ ശരിയായ ഇവിഎമ്മുകള്‍ നിർമിക്കാനാകും. അതിന് ഇലോൺ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണ്’, എന്നാണ് രാജീവ് ചന്ദ്രശേഖർ കുറിച്ചത്.
ഇത് ഒരു പേടിയുടെ ഭാഗമാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വോട്ടിങ് മെഷീനിൽ ബിജെപി കൃത്രിമത്വം കാണിച്ചു എന്ന കോൺഗ്രസ് ആരോപണം നിലനിൽക്കെ മസ്കിന്റെ വാക്കുകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്. ഇവിഎം മെഷീനുകൾ തയാറാക്കുന്ന കമ്പനികൾ വരെ ബിജെപിയുടെ സ്വാധീനത്തിലാണെന്നും, അതുകൊണ്ട് മസ്ക് പറഞ്ഞതിൽ സത്യം ഉണ്ടെന്നും സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here