അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ എംഎസ്എൻബിസിയെ ടെസ്‌ല സിഇഒയായ എലോൺ മസ്‌ക് വാങ്ങുമോ എന്ന അഭ്യൂഹം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് ജൂനിയർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് മസ്‌ക് കൊടുത്ത മറുപടിയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
എംഎസ്എൻബിസിയുടെ മാതൃ കമ്പനിയായ കോംകാസ്റ്റ് കേബിൾ ചാനലുകളെ ഒരു പ്രത്യേക സ്ഥാപനമാക്കി മാറ്റാൻ പദ്ധതിയിടുന്നു എന്ന വാർത്ത ട്രംപ് ജൂനിയർ എക്‌സിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായി “ഇതിൻ്റെ വില എത്രയാണ്?” എന്നാണ് മസ്‌ക് കുറിച്ചത്.
ട്വിറ്റർ വാങ്ങുന്നതിന് മുൻപും സമാനരീതിയിലുള്ള ചോദ്യം മസ്‌ക് പോസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മസ്‌കിന്റെ അടുത്ത ലക്ഷ്യം എംഎസ്എൻബിസിയാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അതേസമയം മസ്‌ക് എംഎസ്എൻബിസി വാങ്ങിയാൽ റേച്ചൽ മാഡോയുടെ ജോലി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പോഡ്‌കാസ്റ്റർ ഹോസ്റ്റ് ജോ റോഗൻ മറുപടി പറഞ്ഞത് ഏവരെയും ചിരിപ്പിച്ചു.എംഎസ്എൻബിസിയുടെ വില മസ്‌ക് തമാശയ്ക്ക് ചോദിച്ചതാകാമെന്നാണ് പലരും പറയുന്നത്. എന്നാൽ എക്സുമായി കൂട്ടി വായിക്കുമ്പോൾ മസ്‌കിന്റെ ഈ വാക്ക് അങ്ങനെ പെട്ടെന്ന് തള്ളിക്കളയാൻ ആകില്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
എംഎസ്എൻബിസി, സിഎൻബിസി അടക്കമുള്ള ചാനലുകളെ ഒരു പുതിയ പൊതു വ്യാപാര കമ്പനിയായി വേർതിരിക്കാനുള്ള പദ്ധതികൾ കോംകാസ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പിന്നാലെ എംഎസ്എൻബിസിയുടെ റേറ്റിങ് അടക്കം കുത്തനെ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here