കെഎസ്ആർടിസിയുടെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ യൂണിറ്റിന്‍റെ ഉത്ഘാടനം മന്ത്രി കെബി ഗണേഷ് കുമാർ നിർവഹിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിയും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും മിംസ് മെഡിസിറ്റിയും സംയുക്തമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
മാറ്റത്തിന്‍റെ പാതയിലാണ് കെഎസ്ആർടിസിയെന്നും ഈ സൗകര്യം എല്ലാവർക്കും ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ആറേഴ് മാസത്തിനുള്ളിൽ കെഎസ്ആർടിസി കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കും. അതിൽ സംശയം വേണ്ട. ഗംഭീരമായ പദ്ധതികളാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു.
ALSO READ; കുട്ടികളുടെ വായനാശീലം റെക്കോര്‍ഡ് താഴ്ചയില്‍; ഗുരുതര പ്രതിസന്ധിയുടെ വക്കിലെന്ന് സര്‍വേ
കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവർക്കും ഇതിന്‍റെ സൗകര്യം ഉപയോഗിക്കാം. യൂണിറ്റിൽ എപ്പോഴും ഒരു നഴ്‌സിങ് ഓഫീസറുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു യൂണിറ്റ് തുടങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.
ALSO READ; വടകരയിൽ തെരുവ് നായ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക്
എസ്ഇഎംഐ സെക്രട്ടറി ആശിഷ് സലിം, പ്രസിഡന്റ് ഷിജു സ്റ്റാൻലി, നിംസ് മെഡിസിറ്റി പ്രൊ ചാൻസിലർ എം എസ് ഫൈസൽ ഖാൻ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, ടി കെ നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here