പെന്‍ഷന്‍ പ്രായത്തിലെ വര്‍ദ്ധന, ഫ്രാന്‍സില്‍ പ്രതിഷേധം ആളിക്കത്തുന്നു

ഫ്രാന്‍സില്‍ ജനകീയ പ്രതിഷേധം അക്രമസമരങ്ങളിലോക്ക് വഴിമാറുന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പെന്‍ഷന്‍ നയത്തിനെതിരെ കഴിഞ്ഞ പത്തുദിവസമായി ഫ്രാന്‍സില്‍ ഉടനീളം പ്രതിഷേധം നടന്നുവരികയാണ്. പെന്‍ഷന്‍ പ്രായം 64 വയസ്സായി വര്‍ദ്ധിപ്പിക്കാനുള്ള മാക്രോണിന്റെ നീക്കത്തിനെതിരെയാണ് എല്ലാവിഭാഗം ജനങ്ങളും തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ക്ക് തടസ്സം നേരിടുന്ന നിലയിലാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. അധ്യാപകര്‍ അടക്കം നിരവധിയായ പ്രൊഫഷണല്‍ ജോലിക്കാരാണ് പണിമുടക്കി തെരുവില്‍ ഇറങ്ങിയത്.

സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് പുറമെ ‘ബ്ലാക്ക് ബ്ലോക്ക്’ അരാജകവാദികള്‍ രാജ്യവ്യാപകമായി അക്രമസമരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വ്യാഴ്യാഴ്ച പാരീസില്‍ ‘ബ്ലാക്ക് ബ്ലോക്കി’ന്റെ അക്രമസമരത്തിനെതിരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. മധ്യപാരീസില്‍ പൊതുവെ സമാധാനപരമായ പ്രതിഷേധമാണ് അരങ്ങേറിയതെങ്കിലും ‘ബ്ലാക്ക് ബ്ലോക്കി’ന്റെ ചെറിയൊരു സംഘം അടഞ്ഞു കിടക്കുന്ന കടകളുടെ ജനാലകള്‍ അടിച്ചുപൊളിക്കുകയും, തെരുവില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ തകര്‍ക്കുകയും മക്ഡൊണാള്‍ഡിന്റെ ഒരു കട കൊള്ളയടിക്കുകയും ചെയ്തതായി അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ‘ബ്ലാക്ക് ബ്ലോക്ക്’സ് കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പൊലീസ് കണ്ണീര്‍വാതകവും സ്റ്റണ്‍ ഗ്രനേഡുമായി ഇവരെ നേരിടുകയായിരുന്നു.

പാരീസില്‍ മാത്രമല്ല നാന്റെസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന നഗരങ്ങളിലും അക്രമസമരങ്ങള്‍ അരങ്ങേറിയിരുന്നു. വടക്കുപടിഞ്ഞാറന്‍ നഗരമായ റെന്നീസില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മറ്റൊരു പടിഞ്ഞാറന്‍ നഗരമായ ലോറിയന്റില്‍ പ്രതിഷേധക്കാര്‍ പെലീസ് സ്റ്റേഷന്‍ മുറ്റത്ത് തീയിട്ടതായും ‘ഔസെറ്റ് ഫ്രാന്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച നടപടിയില്‍ മാക്രോണ്‍ സര്‍ക്കാര്‍ അടിയന്തിരമായി പുന:പരിശോധനക്ക് തയ്യാറായില്ലെങ്കില്‍ നിലവില്‍ രാജ്യവ്യാപകമായി നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ അക്രമസമരങ്ങളായി വഴിമാറുമെന്ന ആശങ്കയാണ് ഫ്രാന്‍സിലെ തൊഴിലാളി യൂണിയനുകള്‍ പങ്കുവയ്ക്കുന്നത്.

ഇതിനിടെ സമരത്തെക്കുറിച്ച് ബുധനാഴ്ച മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളും പ്രതിഷേധങ്ങള്‍ ആളിക്കത്താനുള്ള കാരണമായതായി വിലയിരുത്തലുകളുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ ഈ തീരുമാനം നടപ്പിലാക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 6ന് അമേരിക്കയിലെ ക്യാപിറ്റോളില്‍ നടന്ന സമരത്തോട് ഫ്രാന്‍സിലെ പ്രതിഷേധങ്ങളെ മാക്രോണ്‍ താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു.

അഭിപ്രായവോട്ടെടുപ്പുകളുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം ജനങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുമെന്ന തീരുമാനത്തിന് എതിരാണ്. ജനഹിതമറിയാന്‍ തയ്യാറാകാതെ പാര്‍ലമെന്റില്‍ മാത്രം അവതരിപ്പിച്ച് പെന്‍ഷന്‍ പ്രായത്തില്‍ മാറ്റം വരുത്താനുള്ള മാക്രോണിന്റെ നീക്കമാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനിടെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബ്രസല്‍സില്‍ എത്തിയ മാക്രോണിനെതിരെ മുദ്രാവാക്യം വിളിയും ബാനറുകളും ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് മാക്രോണ്‍ ബ്രസല്‍സില്‍ വന്നിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News