ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കമ്മിറ്റിക്ക് ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച്, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കാനും,കോർപ്പറേഷൻ മുഖേന നടപ്പിലാക്കാൻ നിര്‍ദേശം നല്‍കാനും എംപവേര്‍ഡ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
അതോടൊപ്പം മാലിന്യ സംസ്കരണത്തിനായുള്ള പ്രചാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള പദ്ധതി കോര്‍പറേഷനോട് നിര്‍ദേശിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശം ഏതെങ്കിലും കാരണവശാൽ കോർപ്പറേഷൻ നടപ്പിലാക്കിയില്ലെങ്കിൽ, പ്രവര്‍ത്തനം നേരിട്ട് ഏറ്റെടുത്ത് നടത്താൻ കമ്മിറ്റിക്ക് അധികാരമുണ്ട്. ഇതിനായി കോർപ്പറേഷന്റെ വികസന ഫണ്ട് ഉള്‍പ്പെടെ വകയിരുത്താന്‍ ആവശ്യമായ നിര്‍ദേശം നല്‍കാനും കമ്മിറ്റിക്ക് കഴിയും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം തയ്യാറാക്കി കോര്‍പറേഷൻ കൗൺസിലിന് മുൻപാകെ എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കാം. നിർദ്ദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ, നടപ്പിലാക്കാതിരിക്കുകയോ, തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേര്‍ഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നല്‍കി പദ്ധതി നടപ്പിലാക്കാനാകും.
ആവശ്യമായ ഫണ്ട് കോർപ്പറേഷനോട് ലഭ്യമാക്കാൻ നിർദ്ദേശിക്കാം . ഫണ്ട് ഉപയോഗത്തിന് പിന്നീട് ജില്ലാ ആസൂത്രണ സമിതിക്ക് നല്‍കി സാധൂകരണം നല്‍കിയാല്‍ മതി. സുലേഖ സോഫ്റ്റ് വെയറിൽ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇതോടൊപ്പം മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശ പ്രകാരമുള്ള നടപടികള്‍ ഏതെങ്കിലും കാരണവശാൽ കോർപ്പറേഷൻ സ്വീകരിച്ചില്ലെങ്കിൽ, ആ നടപടി നേരിട്ട് സ്വീകരിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. മുഴുവൻ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ചും, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്കരണത്തിന് ഉപാധി ഏര്‍പ്പെടുത്തുന്നതിനും, പൊതുഇടങ്ങള്‍ മാലിന്യമുക്തമായി സൂക്ഷിക്കാനും, ജലാശയങ്ങള്‍ മലിനമാകാതെ കാത്തുരക്ഷിക്കാനുമുള്ള സര്‍ക്കാര്‍ നിർദ്ദേശവും
നിശ്ചിത സമയക്രമത്തിന് അനുസരിച്ച് നടപ്പിലാക്കാനും കമ്മിറ്റി ശ്രദ്ധിക്കും.
ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷനിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ശാശ്വത പരിഹാരം കാണാനുമാണ് എംപവേര്‍ഡ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ അധ്യക്ഷനും ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ കൺവീനറുമായ കമ്മിറ്റിയിൽ, വിവിധ വിഭാഗത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരായ പതിമൂന്ന് അംഗങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here