ഫഫയോ ഡോണ്‍ ലീയോ? സോഷ്യല്‍ മീഡിയയില്‍ എമ്പുരാന്റെ പോസ്റ്ററില്‍ വമ്പന്‍ ചര്‍ച്ച

മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാനൊരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസ് ചെയ്ത് വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. നടന്‍ പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാനസംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദ്യ ഭാഗത്തിലെ പല താരങ്ങളും എമ്പുരാനിലും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തോടടുക്കുകയാണ്. ഇതുവരെ ചിത്രത്തിന്റേതായി പുറത്തുവന്ന എല്ലാ പോസ്റ്ററുകളും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്ന് പുറത്തിറങ്ങിയ പോസ്റ്ററിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണ്. ഷര്‍ട്ടില്‍ ഡ്രാഗണ്‍ ചിഹ്നം പതിപ്പിച്ച ഒരാള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണാനാവുന്നത്. ആ കഥാപാത്രം ആരെന്നുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ സജീവമായിരിക്കുന്നത്. ജാപ്പനീസ് അധോലോകമായ യാകുസായിലെ അംഗമാണെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡോണ്‍ ലീ എന്നറിയപ്പെടുന്ന മാ ഡോങ് സിയോക് ആകുമെന്നുമാണ് ആരാധകരില്‍ ചിലരുടെ വാദം. ഡോണ്‍ ലീ എമ്പുരാന്റെ ഭാഗമാകുന്നുവെന്ന് മുമ്പ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മാ ഡോങ് സിയോകിനെപ്പോലെയുള്ള വമ്പന്‍ താരത്തെ താങ്ങാന്‍ മലയാളത്തിന് കഴിയില്ലെന്നാണ് ചിലരുടെ അഭിപ്രായം.

ALSO READ:ആരാധകരെ ശാന്തരാകുവിൻ, അബ്രഹാം ഖുറേഷി വരുന്നു; എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു

അതേസമയം ആ കഥാപാത്രം ഫഹദ് ആണെന്നാണ് പ്രേക്ഷകരില്‍ മറ്റുചിലരുടെ വാദം. പോസ്റ്ററില്‍ കാണുന്നയാള്‍ക്ക് ഫഹദിന്റെ അതേ ശരീരപ്രകൃതമാണെന്നും ചിലര്‍ കണ്ടെത്തി പറയുന്നുണ്ട്. എന്നാല്‍ ഈ വാദത്തോട് യോജിപ്പില്ലാത്തവരുമുണ്ട്. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല ധനുഷ് ആയിരിക്കുമെന്നാണ് അടുത്ത കൂട്ടര്‍ പറയുന്നത്. ധനുഷ് രായന്റെ ഷൂട്ടിന് ബ്രേക്ക് നല്‍കി എമ്പുരാനില്‍ അഭിനയിച്ചിരുന്നുവെന്നാണ് ഇവരുടെ വാദം. ഇതില്‍ എന്താണ് സത്യമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. 2025 മാര്‍ച്ച് 27നാണ് എമ്പുരാന്റെ റീലീസ് തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News