ഇഎംഎസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം. കേരളത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മനുഷ്യൻ. മലയാളിക്ക് ഒരിക്കലും ഓർമ്മക്കുറവ് വരാത്ത മൂന്നക്ഷരം. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ബ്രിട്ടീഷ് നിയമം ലംഘിച്ച് പോരാട്ടമുഷ്ടികൾ ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ച കാലം. സെൻ്റ് തോമസ് കോളേജിലെ ഒരു ഡിഗ്രി വിദ്യാർത്ഥി ക്യാമ്പസ് ബഹിഷ്കരിച്ചു. ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി കോഴിക്കോട്ടുചെന്ന് ഉപ്പു കുറുക്കി.
അദ്ദേഹത്തിൻ്റെ അധ്യാപകൻ ഇങ്ങനെ പറഞ്ഞു, “എൻറെ ഏറ്റവും മികച്ച ചരിത്ര വിദ്യാർത്ഥി ഇതാ ക്ലാസിൽ നിന്ന് ഇറങ്ങി പോവുകയാണ്. എനിക്ക് ദുഃഖമില്ല. അയാൾ ചരിത്രം പഠിക്കേണ്ടവനല്ല, ചരിത്രം സൃഷ്ടിക്കേണ്ടയാളാണ്”. ഡിഗ്രി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ആ മനുഷ്യൻ പിന്നീട് കേരളം കണ്ട ഏറ്റവും മികച്ച ധിഷണാശാലിയായി മാറുകയായിരുന്നു.
കേവലമായ ജാതി സംഘടനയായി മാറാതിരിക്കാൻ യോഗക്ഷേമസഭയുടെ നേതൃത്വവുമായി നടന്നതാണ് നവോത്ഥാന വഴി. പിന്നീട് കോൺഗ്രസിലെ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം കോഴിക്കോട് രൂപീകരിക്കുമ്പോഴും പാറപ്രത്ത് സമ്മേളനം നടന്നപ്പോഴും ഇഎംഎസ് ഉണ്ടായിരുന്നു.
ഐക്യ കേരളം രൂപീകൃതമായി ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ മലയാളി ചുവപ്പുകൊടി ഉയർത്തിപ്പിടിച്ചു. ഇഎംഎസിൻ്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ ജാതിയുടെ അധികാര ശിരസ്സിനെ ചവിട്ടിമെതിച്ചു. കേരളത്തിൻ്റെ മനുഷ്യാന്തസ്സിനെ നൂറ്റാണ്ടുകൾ മുന്നോട്ടു നടത്തി.
ഒരു നൂറ്റാണ്ടിൻറെ പേരായി മാറിയ ഈ മനുഷ്യൻ ഇവിടെ ജീവിച്ചു എന്ന് കേരളം തലയുയർത്തി പിടിച്ചു പറഞ്ഞു. കൊടിക്കാലുകൾക്ക് ബലവും പോരാട്ടങ്ങൾക്ക് കടുപ്പവും കൂടേണ്ട കാലത്ത് അനിവാര്യമാവുകയാണ് ഇഎംഎസ് ഓർമ. മരിച്ചാലും പിടിവിടാതെ മനുഷ്യ വിമോചനം സാധ്യമാക്കാൻ ഈ മൂന്നക്ഷരം ഇടപെട്ടു കൊണ്ടിരിക്കുക തന്നെ ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here