ഇതിഹാസ ജീവിതത്തിന്റെ ഓര്‍മ്മയില്‍ കേരളം; ഇഎംഎസ് ദിനം

ബിജു മുത്തത്തി

കുന്തിപ്പുഴയുടെ തീരത്തു നിന്നും ഒഴുകിത്തുടങ്ങിയ മറ്റൊരു പുഴ. മലയാളിയെ ആമഗ്‌നം സ്പര്‍ശിച്ചൊഴുകിയ ഇതിഹാസം. കേരളം അതിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഉച്ഛരിച്ച നാമധേയം- സഖാവ് ഇഎംഎസ്.

കേരളം സാമൂഹ്യമായും രാഷ്ട്രീയമായും ഉയര്‍ത്തെഴുന്നേറ്റ ഒരു നൂറ്റാണ്ടിന്റെ നായകനായിരുന്നു ഇഎംഎസ്.
നാരായണഗുരുവിനു ശേഷം കേരളം കണ്ട യുഗപുരുഷന്‍. നാരായണഗുരു ഏറ്റെടുത്ത ചരിത്ര നിയോഗത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു സഖാവ് ഇഎംഎസ് നടന്നു തീര്‍ത്ത കേരളം.

നമ്പൂതിരിയെ മനുഷ്യനാക്കാന്‍ നടത്തിയ സാമുദായിക വിപ്ലവത്തിന്റെ ഞാറ്റടിയില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിലേക്ക്. പിന്നെ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുടെയും തലപ്പത്ത്. രാജ്യം കണ്ട വലിയ
കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെയെല്ലാം സമുന്നത നേതാവും പരമാചാര്യനും.

ഇഎംഎസ് സഞ്ചരിച്ച നൂറ്റാണ്ട് കേരളചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ തലയുയര്‍ത്തി നിന്നു.

മൂന്നു തുണ്ടായിത്തിരിഞ്ഞ കേരളം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരു ഏകികൃത ദേശീയതയായതിന്റെ പിന്നിലും ഇഎംഎസിന്റെ ധിഷണയുണ്ട്-‘കേരളം മലയാളികളുടെ മാതൃഭൂമി’- അതിന്റെ ആദ്യത്തെ ചുവടായിരുന്നു ഒരു ലോക മഹാസംഭവമായ 57ലെ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍.

കാര്‍ഷിക ഭൂബന്ധങ്ങളിലും വിദ്യാഭ്യാസത്തിലും തുടങ്ങിയ ആ പരിവര്‍ത്തന മുന്നേറ്റത്തില്‍ നിന്നാണ് ആധുനിക കേരളത്തിന്റെ പിറവി. അടിസ്ഥാനമാറ്റങ്ങളുടെയെല്ലാം ആരംഭം.
അതില്ലെങ്കില്‍ ഇന്നത്തെ ഈ കേരളമില്ല!

ആകാശത്തോളം ഔന്നത്യവും ആഴക്കടലിനോളം അഗാധതയുമുള്ള അതുപോലൊരു ജീവിതം ഇഎംഎസിനു മുമ്പോ പിമ്പോ കേരളം അതുപോലെ കണ്ടിട്ടില്ല. ചരിത്രം ഇത്ര ശ്രദ്ധയോടെ ചെവികൊടുത്ത മറ്റൊരു ചരിത്ര പുരുഷനുമില്ല. രാജ്യം ഫാസിസത്തിന്റെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള അന്തിമപാരാട്ടത്തിന്റെ ഈ തെരഞ്ഞെടുപ്പു കാലത്ത് ഇഎംഎസിന്റെ ഓര്‍മ്മയും ഒരു പ്രകാശ ഗോപുരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News