പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രാഥമികാന്വേഷണം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടൊ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുക.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ വി.ഡി സതീശനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സതീശനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനാണ് അന്വേഷണ ചുമതല.
പുനര്‍ജനി കേസില്‍ എഫ്‌സിആര്‍എ, ഫെമ ചട്ടലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുക. തുടര്‍ന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ദില്ലിയിലേക്ക് കൈമാറും. ദില്ലിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യും. 2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചതില്‍ അഴിമതി നടന്നുവെന്നാണ് ആക്ഷേപം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here