ആന്‍ഡ്രോയ്ഡും ക്യാഷ് ആപ്പും നിര്‍മിക്കാന്‍ സഹായിച്ച എഞ്ചിനീയര്‍ ബോബ് ലീ കുത്തേറ്റ് മരിച്ചു

ലോക പ്രശസ്ത ടെക് എക്‌സിക്യൂട്ടീവും നിക്ഷേപകനുമായ ബോബ് ലീ (43) കുത്തേറ്റ് മരിച്ചു. ആന്‍ഡ്രോയ്ഡ് , ക്യാഷ് ആപ്പ് എന്നിവ ഡവലപ്പ് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ലീ. ഈ രണ്ട് ആപ്പുകളും സാങ്കേതിക വ്യവസായത്തില്‍ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ മെയിന്‍ സ്ട്രീറ്റില്‍ വെച്ച് ചൊച്ചാഴ്ച പുലര്‍ച്ചെ 2:35നാണ് ലീക്ക് കുത്തേറ്റത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോബ് ലീക്ക് സാരമായ പരിക്കുകളേറ്റിരുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോബ് ലീയുടെ മരണവുമായി ബന്ധപ്പെട്ട് സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

2013ലാണ് ലീ ക്യാഷ് ആപ്പ് എന്നറിയപ്പെടുന്ന സ്‌ക്വയര്‍ കാഷ് ആരംഭിച്ചത്. സ്‌പേസ് എക്‌സ്, ക്ലബ്ഹൗസ്, ഫിഗ്മ തുടങ്ങിയ കമ്പനികളിലും ലീക്ക് നിക്ഷേപവുമുണ്ട്. സ്‌ക്വയര്‍ ക്യാഷ് ലോഞ്ച് ചെയ്തപ്പോള്‍ അതിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്നു ലീ. ഇപ്പോള്‍ ക്യാഷ് ആപ്പ് എന്നറിയപ്പെടുന്ന ആപ്ലിക്കേഷന് യുഎസിലും യുകെയിലും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്.

2004 മുതല്‍ 2010 വരെ ഗൂഗിളില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും ലീ പ്രവര്‍ത്തിച്ചു, അവിടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിനുള്ള കോര്‍ ലൈബ്രറികളുടെ വികസനത്തിന് നേതൃത്വം നല്‍കി. ഗൂഗിള്‍ ഗ്വസ് ഫ്രെയിം വര്‍ക്കും അദ്ദേഹത്തിന്റെ രൂപകല്‍പ്പനയിലാണ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News