കാലവര്‍ഷം: രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണം, മന്ത്രി വീണാ ജോര്‍ജ്

കാലവര്‍ഷത്തിനു മുന്നോടിയായി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ പഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷമുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും പരിശോധിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്തുകളുടെ കൈവശമുള്ള ഉപകരണങ്ങളുടെ വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തദ്ദേശഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. പൊതു ഇടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണം. റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. പൊതു ഇടങ്ങളില്‍ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ കുഴികളിലും മൂടിയില്ലാത്ത ഓടകളിലും വാഹനം അപകടത്തില്‍ പെടാതിരിക്കാന്‍ സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കണം. വൈദ്യുതി ലൈനുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ച് മാറ്റുന്നതിന് കെഎസ്ഇബിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും പഞ്ചായത്തും ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികള്‍ മൂടി റോഡ് പൂര്‍വസ്ഥിതിയിലാക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മരുന്ന് ലഭ്യത, ക്ലിനിക്കുകളുടെ പ്രവര്‍ത്തനം എന്നിവ ഉറപ്പാക്കണം. വകുപ്പുകള്‍ നടത്തിയ മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി.

മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോകുന്ന കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്ണ് പ്രദേശങ്ങളിലെ എല്ലാ ജനങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സ്‌കൂള്‍ ബസുകള്‍ കടന്നു പോകുന്ന റോഡിലെ സുരക്ഷിതത്വം ഉറപ്പാക്കണം. കോട്ടാങ്ങല്‍, വായ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മണിമലയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കോട്ടയം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ലഭ്യമാക്കണം. മണ്ണിടിച്ചില്‍ സാധ്യത മുന്‍കൂട്ടികണ്ട് വനം, തദ്ദേശസ്വയം ഭരണം, ട്രൈബല്‍ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. മിന്നല്‍ പ്രളയം ഉണ്ടാകാന്‍ സാധ്യത ഉള്ള മല്ലപ്പള്ളിയില്‍ മഴക്കാലത്ത് അടിയന്തിര ഇടപെടലിനായി ഫയര്‍ ഫോഴ്‌സ് യൂണിറ്റ് അനുവദിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയിലെ മഴമാപിനികള്‍ നിരീക്ഷിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. 15 മഴമാപിനികള്‍ പുതിയതായി സ്ഥാപിച്ചു. സംസ്ഥാനത്ത് ജനുവരി മുതല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവ് ആയിരുന്നതിനാല്‍ നിലവില്‍ ആശങ്കപെടേണ്ടതില്ല. നിലവില്‍ ജില്ലയിലെ മൂന്ന് നദികളിലെയും ജലത്തിന്റെ തോത് സുരക്ഷിതമായ നിലയിലാണ്. നദികളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ചിരുന്ന 75 ക്യാമ്പുകള്‍ നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തുകളുടെ സഹായത്തോടെ കൂടുതല്‍ ക്യാമ്പുകള്‍ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News