എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിക്ക് തുടക്കമായി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാനതൊഴില്‍ രംഗത്ത് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷന്‍ ആരംഭിച്ച എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ്, നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജി. ഫൈസല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, വിവിധ ജില്ലകളില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, കുടുംബശ്രീ സംസ്ഥാനമിഷന്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ് ബിലാല്‍ മുഹമ്മദും പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ് നോളെജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സ്വാമിനാഥ് എസ്. ധന്‍രാജും നയിച്ചു.

പദ്ധതി പ്രകാരം 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് യോഗ്യതക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴില്‍ ലഭിക്കും. വൈജ്ഞാനിക തൊഴിലില്‍ താത്പര്യമുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59 നും മധ്യേ പ്രായമുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് പരിശീലനം നല്‍കി തൊഴില്‍ സജ്ജരാക്കുന്നത്.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക തൊഴില്‍ മേളകളിലൂടെ തൊഴില്‍

റിമോട്ട് വര്‍ക്കുകള്‍, ഫ്രീലാന്‍സ് ജോലികള്‍, വര്‍ക്ക് ഓണ്‍ ഡിമാന്‍ഡ് ജോലികള്‍, പാര്‍ട്ട് ടൈം ജോലികള്‍ ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങള്‍ പദ്ധതി പ്രകാരം നല്‍കും. ഇതോടൊപ്പം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക തൊഴില്‍ മേളകളിലൂടെ തൊഴില്‍ ഉറപ്പാക്കും. പദ്ധതിയിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസിലാക്കി കരിയര്‍ കൗണ്‍സിലിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, വര്‍ക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളിലൂടെ തൊഴില്‍ സജ്ജരാക്കി തൊഴില്‍മേളകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുപ്പിച്ച് ഓഫര്‍ ലെറ്റര്‍ ലഭ്യമാക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളും നടത്തും.

സംസ്ഥാനത്തെ 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൊഴില്‍ മേളകള്‍ നടത്തും

തദ്ദേശ സ്വയംഭരണ തലത്തില്‍ തൊഴിലന്വേഷകര്‍, സ്വയംതൊഴില്‍ സംരംഭകര്‍, തൊഴില്‍ദായക സംരംഭകര്‍, സംരംഭപുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെ ഉള്‍പ്പെടുത്തിയുള്ള തൊഴില്‍സഭകളിലൂടെ കണ്ടെത്തിയ തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് വ്യത്യസ്ത തൊഴില്‍ ക്ലബ്ബുകള്‍ രൂപീകരിക്കും. ഇതുവഴിയായിരിക്കും നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തൊഴിലന്വേഷകരിലേക്ക് എത്തിക്കുക. ഇതിനായി സംസ്ഥാനത്തെ 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൊഴില്‍ മേളകള്‍ നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വര്‍ക്ക് നിയര്‍ ഹോം സൗകര്യം ആരംഭിക്കുകയും തൊഴിലന്വേഷകര്‍ ആഗ്രഹിക്കുന്ന ജോലി വീട്ടില്‍നിന്ന് അധികം അകലെയല്ലാതെ തന്നെ അതത് പ്രദേശങ്ങളിലെ സെന്ററുകളിലിരുന്ന് ചെയ്യാനുള്ള അവസരവും ഇതുവഴി തുറന്നു കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News