ചലച്ചിത്ര പ്രേമികള്‍ ഏറെ കാത്തിരുന്ന ആടുജീവിതം സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന് സംസ്ഥാനത്തുടനീളം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മികച്ച അനുഭവമാണ് സിനിമ നല്‍കിയതെന്ന് ആടുജീവിതം നോവല്‍ രചിച്ച ബെന്യാമിന്‍ പറഞ്ഞു
16 വര്‍ഷത്തോളം ഒരു സംവിധായകന്‍ ഒരോറ്റ സിനിമയ്ക്ക് വേണ്ടി നീക്കി വച്ചപ്പോള്‍, മലയാളം കണ്ടത് ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച ദൃശ്യവിഷ്‌കാരം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ചിത്രീകരണത്തിനിടയില്‍ കൊവിഡ് വില്ലനായി അവതരിച്ചുവെങ്കിലും പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
നോവലിന്റെ ഊര്‍ജ്ജം മുഴുവനും ചലച്ചിത്രത്തില്‍ പകര്‍ത്തിയെന്ന് സിനിമ കണ്ട ശേഷം നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞു. ചിത്രം കണ്ട് താന്‍ കരഞ്ഞു പോയെന്നും, എല്ലാവരും ഈ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹം എന്ന് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ നജീബ് പറഞ്ഞു
സിനിമ കണ്ടു ഇറങ്ങിയവര്‍ ഒരേ സ്വരത്തിലാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മലയാളത്തിനു പുറമേ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അറേബ്യന്‍ മരുഭൂമിയില്‍ വര്‍ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീര്‍ത്ത നജീബിന്റെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. ഇന്ന് രാവിലെയായിരുന്നു ആടുജീവിതത്തിന്റെ ആദ്യ പ്രദര്‍ശനം. ചിത്രത്തിന്റെ ഫസ്റ്റ്ഹാഫ് കഴിഞ്ഞതോടെ നിരവധി പോസിറ്റീവ് റിവ്യൂ ആണ് സിനിമാ ആരാധകര്‍ പുറത്തുവിടുന്നത്.
പലരും കരഞ്ഞുകൊണ്ടാണ് ഫസ്റ്റ് ഹാഫിന് ശേഷം തിയേറ്ററില്‍ നിന്നും പുറത്തുവനരുന്നത്. ചിത്രത്തിന്റെ ആദ്യം ടൈറ്റില്‍ എഴുതിക്കാണിക്കുമ്പോള്‍ത്തന്നെ അറിയാതെ കണ്ണു നിറഞ്ഞുപോകുമെന്ന് ആരാധകര്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ പല സീനുകളും മനസില്‍ നിന്നും മായുന്നില്ലെന്നും അത് മനസ്സിനെ വേദനയോടെ പിടിച്ചുകെട്ടുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.
നജീബ് യഥാര്‍ത്ഥ ജീവിത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെല്ലാം ആടുജീവിതം കാണുമ്പോള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് ഇത്രയും സഹിച്ച് അതിജീവിച്ചതെന്ന് കണ്ണീരോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ലെന്നും ആദ്യ പകുതി കണ്ടിറങ്ങിയ ആരാധകര്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here