വ്യത്യസ്ത മേക്കപ്പില്‍ വന്ന എന്നെ ആരും തിരിച്ചറിഞ്ഞില്ല, ഈ വേഷത്തിൽ പടം ചെയ്യില്ലെന്ന് നിര്‍മാതാവ് പറഞ്ഞു: മമ്മൂട്ടി

ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ ക്‌ളാസിക് ചിത്രങ്ങളിൽ ഒന്നായിരുന്നു മൃഗയ. ചിത്രത്തിലെ തൻ്റെ മേക്കോവറിനെ കുറിച്ചും, സിനിമാ സെറ്റിലെ തൻ്റെ അനുഭവത്തെ കുറിച്ചും ‘ക’ ഫെസ്റ്റിവലിൽ മമ്മൂട്ടി പങ്കുവെക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

വിഡിയോയിൽ മമ്മൂട്ടി പറയുന്നത്

മേക്കപ്പിന്റെയൊക്കെ കാര്യത്തില്‍ നമുക്ക് അഭിപ്രായം ഉണ്ടാകും. ചിലര്‍ സമ്മതിക്കും. ചിലര്‍ സമ്മതിക്കില്ല. ചിലത് നന്നാവും ചിലത് നന്നാവില്ല. സിനിമയില്‍ വന്ന് കുറച്ച് കാലം കഴിഞ്ഞ ശേഷം റിലീസായ മൃഗയിലെ വാറുണ്ണിയെന്ന കഥാപാത്രമാണ് മേക്കപ്പില്‍ ഒരു റെവല്യൂഷന്‍ ഉണ്ടാക്കിയത്.

ALSO READ: ‘777 കോടി മുടക്കി മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തിൽ’, അറ്റകുറ്റപ്പണി നടക്കില്ല പുതുക്കിപ്പണിയണമെന്ന് വിദഗ്ധർ

അതായത് എന്നെ കറുത്ത മനുഷ്യനാക്കി, പല്ലുപോയ, പ്രാകൃതനായ ഒരാളാക്കിയത് ആ സിനിമയിലാണ്. ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് സാധാരണ രൂപത്തിലായിരുന്നു ആദ്യത്തെ ഒന്ന് രണ്ട് സീന്‍ ഞാന്‍ ചെയ്തത്. പക്ഷേ എനിക്കെന്തോ തൃപ്തിയാകുന്നില്ല. എനിക്ക് പുതുതായി ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെന്ന വിഷമം വന്നു. ഈ കാര്യം ഞാന്‍ സംവിധായകന്‍ ഐ.വി ശശിയോട് തിരക്കഥാകൃത്തായ ലോഹിയോടും പറഞ്ഞു.

എന്നാല്‍ അവര്‍ക്കും പുതുതായി ഒന്നും സജസ്റ്റ് ചെയ്യാനാവുന്നില്ല. രണ്ടാമത്തെ ദിവസം ഞാന്‍ ഷൂട്ട് നിര്‍ത്തി. നമുക്ക് തുടങ്ങാം ഒന്ന് കാത്തിരിക്കൂ എന്ന് പറഞ്ഞ് ഞാന്‍ ഇങ്ങനെ നിര്‍ത്തിയിരിക്കുകയാണ്. എം.ഒ ദേവസ്യയാണ് മേക്കപ്പ്മാന്‍. ഇപ്പോള്‍ എന്റെ കൂടെയുള്ള ജോര്‍ജിന്റ അച്ഛന്‍. പാലക്കാടിലെ ചെറിയൊരു ഗ്രാമത്തിലാണ് ഷൂട്ട്. കുറേയാളുകള്‍ കൂടി നില്‍ക്കുന്നുണ്ട്. ആ കൂടി നിന്നതില്‍ ഒരു മിലിട്ടറി ഗ്രീന്‍ ഷര്‍ട്ടിട്ട, മുറുക്കി പല്ലൊക്കെ ചുവപ്പിച്ച് പ്രാകൃത വേഷക്കാരനായ ഒരു കറുത്ത മനുഷ്യനെ ഞാന്‍ കണ്ടു.

ദേവസ്യേട്ടാ എന്നെ അതുപോലെയാക്കി എടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. വാ എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി. പഴയ ഏതോ പടത്തില്‍ ആരോ ഉപയോഗിച്ച വിഗ്ഗ്, ആ പടത്തില്‍ തന്നെ ആരോ ഉപയോഗിച്ച മീശ. അതുമായി എന്റെ അടുത്തേക്ക് വന്നു. മീശ കറുപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനോട് പുള്ളിക്ക് അത്ര താത്പര്യമുണ്ടായില്ല. എങ്കിലും പുള്ളി കറുപ്പിച്ചു. മുഖത്ത് നീഗ്രോ ബ്ലാക്ക് പോലുള്ള കളര്‍ അടിച്ചു. ഉണ്ണി വെച്ചു. ഒരു പല്ലില്ലാത്ത രീതിയില്‍ പല്ല് കറുപ്പിച്ചു. ചുണ്ടിലും കറുത്ത പെയ്ന്റ് അടിച്ചു.

ALSO READ: അരിയിലും തട്ടിപ്പ്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി

കോസ്റ്റിയൂമറെ കൊണ്ട് മിലിറ്ററി ഗ്രീന്‍ ഷര്‍ട്ട് ഉണ്ടാക്കിച്ച് കല്ലിടിച്ച് കഴുകി പൂഴിയിലിട്ട് ഉരച്ച് നിറം പോക്കി. ഒരു പ്രത്യേക തരം ചെരുപ്പമിട്ട് ഞാന്‍ സെറ്റില്‍ ചെന്നിട്ട് എന്നെ ആരും അറിയുന്നില്ല. അവസാനം നിര്‍മാതാവും സംവധായകനും തിരക്കഥാകൃത്തും വന്നു.

ഇത് കണ്ട പ്രൊഡ്യൂസര്‍ സമ്മതിക്കുന്നില്ല. ഇങ്ങനെയുള്ള ഒരാളെ എനിക്ക് ഈ പടത്തില്‍ വേണ്ട. ഞാന്‍ ഇങ്ങേരെയല്ല മമ്മൂട്ടിയെയാണ് ബുക്ക് ചെയ്തതെന്ന് പറഞ്ഞു. നിങ്ങള്‍ പേടിക്കണ്ട. ഈ പടം ഓടിയില്ലെങ്കില്‍ അടുത്ത പടം ഞാന്‍ ഫ്രീയായി ചെയ്തുതരാമെന്ന് പറഞ്ഞു. എന്റോന്‍ എന്നാണ് പുള്ളി എന്നെ വിളിക്കുന്നത്. എന്റെ മകന്‍ എന്ന അര്‍ത്ഥത്തില്‍. പാവപ്പെട്ട ഒരു മനുഷ്യനാണ്. ‘ പൈസയൊന്നും തരണ്ട എന്റോന്‍ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞു. അങ്ങനെയാണ് നിങ്ങള്‍ കണ്ട വാറുണ്ണിയായി ഞാന്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News