‘അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഞാനും’; കണ്ണുനിറഞ്ഞ് വാക്കുകള്‍ ഇടറി പൃഥ്വിരാജ്; നിറകണ്ണുകള്‍ തുടച്ച് മല്ലിക

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങില്‍ വാക്കുകള്‍ ഇടറി നടന്‍ പൃഥ്വിരാജ്. അച്ഛന്‍ സുകുമാരനെയും അമ്മ മല്ലികയുടെയും ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പൃഥ്വിരാജ് വികാരാധീനനായത്. അച്ഛന്‍ മരിച്ചശേഷം ഭൗതികശരീരവുമായി ആംബുലന്‍സില്‍ പോയ നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് പൃഥിരാജ് സംസാരിച്ചത്.

പൃഥ്വിരാജിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

‘പതിനാലാം തീയതി ഞങ്ങള്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി യുഎസിലേക്ക് പോകേണ്ടതാണ്. ഞാന്‍ ഈ വീഡിയോയൊക്കെ അയച്ചുകൊടുക്കുമ്പോഴും അമ്മ പറയുന്നുണ്ട് ‘അപ്പോള്‍ നീ വരില്ല അല്ലേ? ഓക്കേ ഓക്കേ’ എന്ന്. പക്ഷേ എന്താണെന്ന് അറിയില്ല വിസ ഇതുവരെ വന്നിട്ടില്ല. നാളെയോ മറ്റോ വിസ കിട്ടുകയേയുള്ളൂ. ആള് അമ്മയായതുകൊണ്ട് ഒരുപക്ഷേ ജോ ബൈഡനെ വരെ നേരിട്ട് വിളിച്ചിട്ട് ‘സാറേ അവന്റെ വിസ ഇപ്പോള്‍ കൊടുക്കേണ്ട’ എന്ന് പറഞ്ഞാലും അതില്‍ അത്ഭുപ്പെടാനില്ല. മിക്കവാറും അങ്ങനെ എന്തോ പരിപാടി അമ്മ ഒപ്പിച്ചിട്ടുണ്ട്. എന്തായാലും ചേട്ടനും ഞാനും ഇവിടെത്തന്നെയുണ്ട് അപ്പൊ പരിപാടിക്ക് വന്നേ പറ്റൂ എന്ന് അമ്മ വീണ്ടും പറയുകയും ചെയ്തു.

അങ്ങനെ സന്തോഷപൂര്‍വം ഞങ്ങള്‍ വന്നിരിക്കുകയാണ്. ഇവിടെ വന്നെത്തിയതില്‍ വലിയ സന്തോഷമുണ്ട്. കാരണം സ്വന്തം കര്‍മ മേഖലയില്‍, അത് സിനിമ അല്ല ഏതു തൊഴില്‍ മേഖലയില്‍ ആയാലും അതില്‍ 50 വര്‍ഷക്കാലം സജീവമായി പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് വളരെ ചുരുക്കം ആള്‍ക്കാര്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍വമായ ഭാഗ്യമാണ്. പ്രത്യേകിച്ച് 50 വര്‍ഷക്കാലം സിനിമയില്‍ സജീവമായി നില്‍ക്കുക എന്നത് ഒരു അതിശയമാണ്. അത് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാര്‍ക്ക് ഞങ്ങള്‍ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങള്‍ പുറകോട്ട് നോക്കുമ്പോള്‍ മനസ്സിലാകും 50 വര്‍ഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്.

Also Read : വെറും നാല് ദിവസത്തില്‍ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ കടത്തിവെട്ടി ഭ്രമയുഗത്തിന്റെ വിജയത്തേരോട്ടം

അതില്‍ ഏറ്റവും വലിയ അത്ഭുതം എന്ന് പറയുന്നത് ഇടയില്‍ ഏതാണ്ട് കാല്‍നൂറ്റാണ്ടോളം അമ്മ സിനിമയില്‍ വിട്ടുനിന്ന ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് ഒരു അഭൂതപൂര്‍വമായ റീസ്റ്റാര്‍ട്ട് അമ്മയ്ക്ക് സ്വന്തം കരിയറില്‍ നടത്താന്‍ കഴിഞ്ഞു എന്നത് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ കാര്യമാണ്. എനിക്കു തോന്നുന്നു ലോകത്തില്‍ എത്ര മക്കള്‍ക്ക് ഈ ഭാഗ്യം കിട്ടിക്കാണും? ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും ഈ ഒരു ഭാഗ്യം കിട്ടിയത്, എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിര്‍മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാന്‍ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ചേട്ടന്‍ പറഞ്ഞതുപോലെ അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററില്‍ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാന്‍ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട്. അമ്മയാണ് ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റ് എന്ന്. സത്യത്തില്‍ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്ക്ക് ഇനിയും സിനിമയില്‍ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതൊക്കെ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയില്‍ ഒരു സ്ത്രീ എന്ന് നിലയില്‍ ഞാന്‍ 41 വര്‍ഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ആ വീഡിയോയില്‍ പറഞ്ഞതുപോലെ അമ്മയാണ് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി.

എന്റെ ജീവിതത്തില്‍ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓര്‍മയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങള്‍ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലന്‍സിലാണ്. (വാക്കുകളിടറുന്നു) അന്ന് ഞാന്‍ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും? ഞാന്‍ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നില്‍ക്കുന്ന ഞാനും. ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിന് എല്ലാവര്‍ക്കും നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News