തനിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ആസൂത്രിക ഗൂഢാലോചന നടന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരാളെ കണ്ടാൽ മാറുന്നതല്ല തന്നെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേശം രണ്ട് കൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും സമൂഹത്തിനാകെ മുഖ്യമന്ത്രി നൽകിയ സന്ദേശമാണെന്നും ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉയർന്നു വന്ന ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ ശോഭ സുരേന്ദ്രനും കെ സുധാകരനും ചില മാധ്യമങ്ങളും പങ്കാളികളായി. ശോഭ തന്നെ ഒരു തവണ മാത്രമാണ് അടുത്ത് കണ്ടത്, അത് ഉമ്മൻ ചാണ്ടി മരിച്ചപ്പോഴാണ്. തന്നെ വ്യക്തിഹത്യ നടത്തി ബ്ലാക്ക്മെയിൽ ചെയ്യാനാണ് ശ്രമിച്ചത്. ജാവദേക്കർ അപ്രതീഷിതമായാണ് പ്ലാറ്റിലേക്ക് വന്നത്. ഇതുവഴിപോകുമ്പോൾ പരിചയപ്പെടാൻ കയറിയതാണെന്ന് പറഞ്ഞു. നാല് മിനിറ്റ് നേരമാണ് പ്ലാറ്റിൽ ചിലവഴിച്ചത്. ഏതെങ്കിലും ഒരാളെ കണ്ടാൽ മാറുന്നതല്ല തൻ്റെ രാഷ്ടീയമെന്നും ഇപി ജയരാജൻ പറഞ്ഞു.
വീട്ടിൽ വരുന്നവരെ ഇറക്കിവിടുന്ന സ്വഭാവമല്ല തൻ്റേത്. മുൻ കേന്ദ്രമന്ത്രിയായ ജാവദേക്കറും വന്നപ്പോൾ ആ മര്യാദയാണ് കാണിച്ചത്. കാണാൻ വരുന്നവരെക്കുറിച്ചെല്ലാം പാർട്ടിയിൽ റിപ്പോർട്ട് ചെയ്യണ്ട കാര്യമില്ല. കാര്യങ്ങൾ ശരിയായി പരിശോധിക്കാതെയാണ് മാധ്യമങ്ങൾ തനിക്കെതിരെ വാർത്തകൾ നൽകിയതെന്നും ഇപി ജയരാജൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here